ചെന്നൈ: ഭാര്യക്ക് നല്‍കിയ വാക്ക് പാലിക്കാൻ ഒന്നരക്കോടി രൂപ മുടക്കി കപ്പലിന്റെ ആകൃതിയില്‍ വീട് നിര്‍മ്മിച്ച് ഭര്‍ത്താവ്. മറൈൻ എൻജിനീയറാണ് ഭാര്യയുടെ ആഗ്രഹം സഫലീകരിക്കാൻ കപ്പലിന്റെ ആകൃതിയില്‍ വീട് നിര്‍മ്മിച്ചത്. 42 കാരനായ സുഭാഷാണ് വീട് നിര്‍മ്മിച്ചത്.
15 വര്‍ഷമായി ചരക്ക് കപ്പലില്‍ എഞ്ചിനീയറായി തൊഴില്‍ ചെയ്യുകയാണ് സുഭാഷ്. ശുഭശ്രീയാണ് സുഭാഷിന്റെ ഭാര്യ. രണ്ട് പെണ്‍മക്കളും ഇവര്‍ക്കുണ്ട്. ഭര്‍ത്താവ് ജോലി ചെയ്യുന്ന കപ്പല്‍ കാണണമെന്ന് ശുഭശ്രീയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ചരക്ക് കപ്പലായതിനാല്‍ ഭാര്യയെ കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോള്‍ കപ്പല്‍ പോലെ ഒരു വീട് പണിയാമെന്ന് സുഭാഷ് വാക്കു പറഞ്ഞിരുന്നു. അത് നിറവേറ്റാൻ 4000 ചതുരശ്ര അടി സ്ഥലം വാങ്ങി കപ്പല്‍ രൂപകല്പനയില്‍ ഒരു വീട് പണിയുകയായിരുന്നു.
ഒരു കപ്പല്‍ പോലെയാണ് വീടിന്റെ പുറംഭാഗം. വീടിനു ചുറ്റും കിടങ്ങ് പോലെ നിര്‍മ്മിച്ച് അതില്‍ വെള്ളം നിറക്കാം. അങ്ങനെയാണ് വെള്ളത്തിലുള്ള കപ്പല്‍ പോലെ വീട് രൂപകല്‍പന ചെയ്തിരിക്കുന്നത്. വീടിന്റെ താഴത്തെ നിലയില്‍ ഹാള്‍ മാത്രമാണുള്ളത്.കപ്പലിന്റെ മുകളിലെ ഡെക്കിലേക്ക് പോകാനുള്ള ഗോവണി പോലെ പടികള്‍ ക്രമീകരിച്ചിരിക്കുന്നു. നീന്തല്‍ക്കുളവും ജിമ്മും അടക്കം ആറ് പ്രത്യേക മുറികളും വീടിനുള്ളിലുണ്ട്.