Home Featured ജയലളിതയ്‌ക്കെതിരെ അണ്ണാമലൈയുടെ പരാമര്‍ശം; അണ്ണാഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടേക്കും?

ജയലളിതയ്‌ക്കെതിരെ അണ്ണാമലൈയുടെ പരാമര്‍ശം; അണ്ണാഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടേക്കും?

by jameema shabeer

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടേക്കും. സംസ്ഥാന ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ, ജയലളിതയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായി മാറിയിരിക്കുകയാണ്. ഒന്നുകില്‍ അണ്ണാമലൈയെ പുറത്താക്കുക, അല്ലെങ്കില്‍ സഖ്യം ഉപേക്ഷിക്കുക എന്നാണ് മുന്നറിയിപ്പ്.

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ടതാണെന്ന തരത്തിലായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം. വളരെ തന്ത്രപൂര്‍വം നല്‍കിയ മറുപടിയായിരുന്നു ഇത്. ‘ജയലളിത പ്രധാന പ്രതിയായിരുന്ന കേസില്‍ അവരുടെ സഹായിയായിരുന്ന ശശികലയും, മറ്റുള്ളവരുമാണ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടത്.

കോടതി വിധിക്ക് മുമ്ബ് ജയലളിത മരിച്ചു. കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ സുപ്രീം കോടതി തള്ളുകയാണ് ചെയ്തത്. പക്ഷേ സാങ്കേതികപരമായി കോടതി ജയലളിതയെ ശിക്ഷിച്ചില്ല എന്ന് മാത്രമാണ് ഉള്ളതെന്നും’ അണ്ണാമലൈ പറഞ്ഞു.

പരാമര്‍ശത്തില്‍ അണ്ണാഡിഎംകെ കടുത്ത അതൃപ്തി അറിയിച്ചിരിക്കുകയാണ്. അണ്ണാമലൈക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍, സഖ്യം തുടരണോ എന്ന കാര്യത്തില്‍ പുനരാലോചന നടത്തുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണാടകയ്ക്ക് ശേഷം വീണ്ടുമൊരു തിരിച്ചടി ദക്ഷിണേന്ത്യയില്‍ ബിജെപി ആഗ്രഹിക്കുന്നില്ല.

അതേസമയം തന്നെ അണ്ണാമലൈക്കെതിരെ ബിജെപിക്ക് നടപടിയെടുക്കാനും സാധിക്കില്ല. ഇത്തരമാരു സങ്കീര്‍ണമായ അവസ്ഥയിലാണ് കാര്യങ്ങളുള്ളത്. അണ്ണാഡിഎംകെ നടപടി വേണമെന്ന കാര്യത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സാധ്യതയില്ല. എന്നാല്‍ അദ്ദേഹം ക്ഷമ പറയേണ്ടതായി വരും.

‘ അണ്ണാമലൈക്ക് ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ഇരിക്കാനുള്ള യോഗ്യത പോലുമില്ലെന്ന് മുതിര്‍ന്ന അണ്ണാഡിഎംകെ നേതാവ്’ ഡി ജയകുമാര്‍ പറഞ്ഞു.’അണ്ണാമലൈ വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണം. അണ്ണാഡിഎംകെയുമായുള്ള സഖ്യം വേണ്ട എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളതെന്ന് സംശയിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ജയിക്കണമെന്നും അദ്ദേഹത്തിനില്ലെന്നാണ് കരുതുന്നതെന്നും’ ജയകുമാര്‍ പറഞ്ഞു.

അതേസമയം അണ്ണാമലൈ ഇടയ്ക്കിടെ അണ്ണാഡിഎംകെയ്‌ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്താറുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയാണ് അണ്ണാമലൈ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും സൂചനയുണ്ട്. മാര്‍ച്ചില്‍ അണ്ണാഡിഎംകെയുമായി സഖ്യം ചേര്‍ന്ന് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന് അണ്ണാമലൈ പറഞ്ഞിരുന്നു.

ജയലളിതയുടെ മരണശേഷമാണ് ബിജെപിയുമായി അണ്ണാഡിഎംകെ നേതാക്കള്‍ സഖ്യമുണ്ടാക്കിയത്. ജയലളിത ഉണ്ടായിരുന്നപ്പോള്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ബിജെപിയുമായി സൗഹൃദ ബന്ധമായിരുന്നു അവര്‍ക്ക്.

ദ്രാവിഡ രാഷ്ട്രീയത്തില്‍ ബിജെപി ചേര്‍ന്നുപോകില്ലെന്ന് ജയലളിത വിശ്വസിച്ചിരുന്നു. എന്നാല്‍ അണ്ണാമലൈയുടെ പരാമര്‍ശത്തോടെ സഖ്യത്തിന് മുന്‍കൈയ്യെടുത്ത നേതാക്കള്‍ നിരാശരായിരിക്കുകയാണ്. സംസ്ഥാനത്ത് വലിയ സാന്നിധ്യമൊന്നുമില്ലാത്ത ബിജെപി, സഖ്യം വിട്ടാല്‍ തകര്‍ന്ന് തരിപ്പണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ബിജെപിയുമായി ചേര്‍ന്ന് മത്സരിച്ച നാല് തിരഞ്ഞെടുപ്പുകളാണ് അണ്ണാഡിഎംകെ വന്‍ തിരിച്ചടി നേരിട്ടത്.

You may also like

error: Content is protected !!
Join Our Whatsapp