ചെന്നൈ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ തമിഴ്നാട് മുൻ ഡി.ജി.പി രാജേഷ് ദാസിനെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. വില്ലുപുരം കോടതിയാണ് ശിക്ഷ വിധിച്ചത്. വനിത ഐ.പി.എസ് ഉദ്യോഗസ്ഥക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിനെ തുടര്‍ന്ന് രാജേഷ് ദാസിനെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
രാജേഷ് ദാസിനെതിരെ 2021 ഫെബ്രുവരിയിലാണ് വനിത ഐ.പി.എസ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്. ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ ഡി.ജി.പി ആയിരുന്നു രാജേഷ് ദാസ്. മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ സുരക്ഷയൊരുക്കുന്നതിനിടെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. പരാതിയെ തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ ഇയാളെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ആറംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരടക്കം 68 പേരുടെ മൊഴി പ്രോസിക്യൂഷൻ രേഖപ്പെടുത്തിയിരുന്നു. രാജേഷ് ദാസിന് അപ്പീല്‍ നല്‍കാമെന്നും ജാമ്യത്തിന് ശ്രമിക്കാമെന്നും പ്രോസിക്യൂഷൻ സംഘം അറിയിച്ചു.