Home Featured ചെന്നൈ:പ്ലാസ്റ്റിക് ഉപയോഗം തടയുന്നതിനായി ‘മഞ്ഞപ്പൈ’ ആപ്പുമായി സർക്കാർ.

ചെന്നൈ:പ്ലാസ്റ്റിക് ഉപയോഗം തടയുന്നതിനായി ‘മഞ്ഞപ്പൈ’ ആപ്പുമായി സർക്കാർ.

ചെന്നൈ ∙ പരിസ്ഥിതിക്കു ദോഷകരമായ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി കൂടുതൽ ജനകീയ നടപടികളുമായി സർക്കാർ. ദോഷകരമെന്നു കണ്ടെത്തി നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വ്യാപനം പൂർണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണു പുതിയ നടപടികൾ.

ജനങ്ങൾക്ക് ഇവയെക്കുറിച്ചു കൃത്യമായ വിവരങ്ങൾ നൽകാൻ ‘മഞ്ഞപ്പൈ വെബ്സൈറ്റ്’, ‘മഞ്ഞപ്പൈ ആപ്ലിക്കേഷൻ’ എന്നിവ സംസ്ഥാന വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് പുറത്തിറക്കി. പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം തടയുന്നതിനായി വകുപ്പ് പുറത്തിറക്കുന്നതാണ് മഞ്ഞപ്പൈ (മഞ്ഞ തുണിസഞ്ചി).

ഇനി കൺഫ്യൂഷൻ വേണ്ട:പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ടും മഞ്ഞപ്പൈ ബാഗുകളുടെ ഉപയോഗം സംബന്ധിച്ചും ജനങ്ങളുടെ സംശയത്തിനുള്ള മറുപടിയാണ് പുതുതായി പുറത്തിറക്കിയ വെബ്സൈറ്റും ആപ്പും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ചെങ്കിലും ഇവ ഏതൊക്കെയെന്നത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഇപ്പോഴും സംശയങ്ങളുണ്ട്. കടകളിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതിന് സഞ്ചി അത്യാവശ്യമാണെന്നിരിക്കെ മഞ്ഞപ്പൈ എവിടെ കിട്ടും എന്നതിലും അവ്യക്തതയുണ്ട്. ഇതിനുള്ള ഉത്തരങ്ങളാണ് വെബ്സൈറ്റും ആപ്പും.

മഞ്ഞപ്പൈ വെബ്സൈറ്റ്:•നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ

•നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ദോഷവശങ്ങൾ

•പ്രകൃതി സൗഹൃദ വസ്തുക്കളുടെ നിർമാതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ

•പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിക്കുന്നവരുടെ (റീസൈക്ലിങ്) ജില്ലാതല വിവരങ്ങൾ

•മഞ്ഞപ്പൈ ബാഗ് ലഭിക്കുന്ന വെൻഡിങ് മെഷീനുകൾ എവിടെയെല്ലാം

•പ്ലാസ്റ്റിക് കുപ്പികൾ ഉടയ്ക്കുന്ന (ക്രഷിങ്) യന്ത്രങ്ങൾ എവിടെയെല്ലാം

•പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും

അകറ്റാം പ്ലാസ്റ്റിക്കിനെ:ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കൂ, പരിസ്ഥിതി സൗഹൃദ ബദൽ മാർഗങ്ങൾ ഉപയോഗിക്കൂ’ എന്നാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം. സംസ്ഥാനത്ത് 2019ൽ ആണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചത്. എന്നിട്ടും ഉപയോഗം തുടരുന്നതിനാലാണു തുടർച്ചയായ ബോധവൽക്കരണം നടത്തുന്നത്. ചെന്നൈയിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന പരിശോധനയിൽ നിരോധിച്ച ഉൽപന്നങ്ങൾ പിടികൂടാറുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp