ചെന്നൈ: മകന്‍റെ കോളജ് ഫീസടക്കാൻ പണമില്ലാതായതോടെ സര്‍ക്കാറില്‍ നിന്ന് ആശ്വാസധനം പ്രതീക്ഷിച്ച് ബസിന് മുന്നില്‍ ചാടിയ അമ്മക്ക് ദാരുണാന്ത്യം.തമിഴ്നാട്ടിലെ സേലത്താണ് സംഭവം. കലക്ടര്‍ ഓഫിസിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയായ പാപ്പാത്തി (45)യാണ് മരിച്ചത്.വാഹനാപകടത്തില്‍ മരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആശ്വാസധനം നല്‍കുമെന്ന ധാരണയില്‍ ഇവര്‍ ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. അപകടത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.മകന്‍റെ പഠനത്തിനുള്ള പണം കയ്യിലില്ലാത്തതിനാല്‍ പാപ്പാത്തി ഏറെ നാളായി മാനസിക പ്രയാസത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
അപകടത്തില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ ബന്ധുക്കള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ആശ്വാസധനം ലഭിക്കുമെന്ന് പാപ്പാത്തിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു.സംഭവദിവസം പാപ്പാത്തി ആദ്യം ഒരു ബസിന് മുന്നില്‍ ചാടാൻ ശ്രമിച്ചപ്പോള്‍ എതിരെ വന്ന ബൈക്ക് ഇടിച്ച് ഇവര്‍ക്ക് പരിക്കേറ്റു. ഇതിന് മിനിറ്റുകള്‍ക്ക് ശേഷമാണ് അടുത്ത ബസിന് മുന്നില്‍ ഇവര്‍ ചാടിയത്. റോഡരികിലൂടെ നടക്കുന്നതിന്‍റെയും ബസിനുമുന്നില്‍ ചാടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ പാപ്പാത്തി 18 വര്‍ഷമായി ഒറ്റക്കാണ് മകനും മകളും അടങ്ങിയ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയിരുന്നത്.
ജൂണ്‍ 28ന് നടന്ന അപകടത്തില്‍ ബസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പാപ്പാത്തി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നെന്ന് കണ്ടെത്തിയത്. 45,000 രൂപയാണ് ഫീസടക്കാനുണ്ടായിരുന്നത്. 10,000 രൂപയായിരുന്നു പാപ്പാത്തിയുടെ വേതനം. മകള്‍ അവസാന വര്‍ഷ എൻജിനീയറിങ്ങിനും മകൻ സ്വകാര്യ കോളജില്‍ ആര്‍കിടെക്ചര്‍ ഡിപ്ലോമ കോഴ്സിനും പഠിക്കുകയായിരുന്നു. പലയിടത്തുനിന്നും കടം വാങ്ങിയാണ് മക്കളെ പഠിപ്പിച്ചിരുന്നത്.ബസപകടത്തില്‍ മരിച്ചാല്‍ ബസ് കമ്ബനിയോ സര്‍ക്കാറോ നഷ്ടപരിഹാരം നല്‍കുമെന്ന് പാപ്പാത്തിയെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.