ചെന്നൈ: തമിഴ്നാട്ടിൽ ഇറക്കുമതിചെയ്ത വിദേശമദ്യത്തിന്റെയും ഇതരസംസ്ഥാനങ്ങളിൽനിന്ന് വാങ്ങി വിൽക്കുന്ന മദ്യത്തിന്റെയും വില വർധിപ്പിച്ചു. വിദേശബിയറുകൾ, വോഡ്ക, വിസ്കി, വൈൻ, ജിൻ തുടങ്ങിവയ്ക്ക് 320 രൂപ വരെയാണ് വർധിപ്പിച്ചത്. സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില വർധിപ്പിച്ചിട്ടില്ല.
സംസ്ഥാന സർക്കാർ സ്ഥാപനമായ ടാസ്മാക്കിന്റെ എലൈറ്റ് മദ്യക്കടകളിലും ഷോപ്പിങ് മാളുകളിലുമാണ് ഇറക്കുമതി ചെയ്ത മദ്യം വിൽക്കുന്നത്. സാധാരണ ടാസ്മാക് കടകളിൽ കൂടുതലും സംസ്ഥാനത്തിനുള്ളിൽ ഉത്പാദിപ്പിക്കുന്ന മദ്യമാണ് ലഭിക്കുക.വോഡ്ക, വിസ്കി, റം തുടങ്ങിയവയ്ക്ക് 700, 750 മില്ലിലിറ്ററിന് 240 രൂപയും ഒരു ലിറ്ററിന് 320 രൂപയും വർധിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യത്തിന് 330 മില്ലിലിറ്ററിന് 10 രൂപയും 500 മില്ലിലിറ്ററിന് 20 രൂപയും മാത്രമാണ് വർധിപ്പിച്ചത്.