ചെന്നൈ:തമിഴ്നാട്ടിലെ 700 ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാംവർഷ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം ഒരേ സിലബസ് നിലവിൽ വരും. സംസ്ഥാന സർക്കാരിനു കീഴിലുള്ള 10 സർവകലാശാലകളിൽ അഫിലിയേറ്റുചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകൾക്കാണ് ഇതു ബാധകമാവുക.വിദ്യാഭ്യാസരംഗത്തുള്ള സംഘടനകളുടെ എതിർപ്പ് മറികടന്നാണ് സംസ്ഥാനസർക്കാർ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏകീകൃത സിലബസ് നടപ്പാക്കുന്നത്. ഇതിനുള്ള മാതൃകാ പാഠ്യപദ്ധതി തമിഴ്നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ ഹയർ എജ്യുക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. ഇംഗ്ലീഷ്, തമിഴ് വിഷയങ്ങളുടെ പാഠ്യപദ്ധതി എല്ലാ കോളേജുകളിലും ഒന്നുതന്നെയായിരിക്കും.
മറ്റു വിഷയങ്ങളിൽ, അതത് സർവകലാശാലകൾക്കും കോളേജുകൾക്കും 25 ശതമാനം മാറ്റങ്ങൾ വരുത്താം. 75 ശതമാനം പാഠഭാഗങ്ങളും മാതൃകാ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കണം.ഒന്നാംവർഷ വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം നടപ്പാക്കുന്ന പുതുക്കിയ പാഠ്യപദ്ധതി രണ്ടാംവർഷ വിദ്യാർഥികൾക്ക് അടുത്തവർഷം നടപ്പാക്കും. ഈവർഷം തുടങ്ങുന്ന പുതിയ കോഴ്സുകളിലെ പാഠ്യപദ്ധതി ഏകീകരണം അടുത്തവർഷമേ ഉണ്ടാകൂ. ഇക്കാര്യത്തിൽ സ്വയംഭരണ കോളേജുകളുടെ ആശങ്ക പരിഹരിക്കുന്നതിന് ചർച്ച നടത്തും. എൻ.ഐ.ആർ.എഫിന്റെ മാതൃകയിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കുപട്ടിക തയ്യാറാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഒരേ സിലബസ് വരുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും ഗുണംചെയ്യുമെന്നാണ് സർക്കാരിന്റെ വാദം. ഇടയ്ക്കുവെച്ച് കോളേജ് മാറുന്ന കുട്ടികൾക്കും സ്ഥലംമാറുന്ന അധ്യാപകർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എന്നാൽ, സംസ്ഥാന സർക്കാരിനുവേണ്ടി ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന സിലബസ് അടിച്ചേൽപ്പിക്കുന്നത് സർവകലാശാലകളുടെ സ്വയംഭരണാവകാശങ്ങളുടെ ലംഘനമാണെന്നാണ് എതിർപക്ഷം പറയുന്നത്. പാഠ്യപദ്ധതി നിശ്ചയിക്കുന്നതിന് സർവകലാശാലകളിലുള്ള സംവിധാനം ഇതോടെ നോക്കുകുത്തിയാവും. ദേശീയ വിദ്യാഭ്യാസനയത്തെ എതിർക്കുന്ന ഡി.എം.കെ. സർക്കാർ സംസ്ഥാനത്ത് അതേ മാതൃകയിൽ ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കുന്നത് അപഹാസ്യമാണെന്നും അവർ പറയുന്നു.