ചെന്നൈ: തിരുവോണദിവസം സംസ്ഥാനവ്യാപകമായി അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സി.ടി.എം.എ. തമിഴ്‌നാട് സർക്കാരിനെ സമീപിച്ചു.സംസ്ഥാനത്തെ എല്ലാജില്ലകളിലും മലയാളികളുണ്ടെന്നും അതിനാൽ എല്ലായിടങ്ങളിലും അവധി നൽകണമെന്നുമാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ചീഫ് സെക്രട്ടറിക്ക് സി.ടി.എം.എ. പ്രസിഡന്റ് എം.കെ. സോമൻ മാത്യു, ജനറൽസെക്രട്ടറി എം.പി. അൻവർ എന്നിവർ നിവേദനം നൽകി.സംസ്ഥാനവ്യാപകമായി അവധി നൽകാൻ സാങ്കേതിക തടസ്സമുണ്ടെങ്കിൽ മലയാളികൾ കൂടുതലുള്ള 13 ജില്ലകളിൽ അവധി പ്രഖ്യാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, കോയമ്പത്തൂർ, തിരുപ്പൂർ, സേലം, ഈറോഡ്, നീലഗിരി, കൃഷ്ണഗിരി, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, കന്യാകുമാരി ജില്ലകൾക്ക് ഉറപ്പായും അവധി നൽകണമെന്നാണ് ആവശ്യം.ചെന്നൈ അടക്കം ചില ജില്ലകൾക്ക് തിരുവോണദിവസം പ്രദേശിക അവധി നൽകുന്ന പതിവുണ്ട്.
കഴിഞ്ഞവർഷം ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പുർ, നീലഗിരി, കന്യാകുമാരി ജില്ലകൾക്ക് അവധി നൽകിയിരുന്നു.ഇത്തവണ അധികമായി സേലം, കൃഷ്ണഗിരി, തിരുനെൽവേലി, തിരുച്ചിറപ്പള്ളി ജില്ലകൾക്ക് കൂടിയെങ്കിലും അവധി നൽകണമെന്നാണ് സി.ടി.എം.എ. ആവശ്യപ്പെടുന്നത്. കോയമ്പത്തൂർ ജില്ലയ്ക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.