ചെന്നൈ: ചെന്നൈയിലെ തന്‍റെ ഷോ റദ്ദാക്കിയത് പ്രതികൂല കാലാവസ്ഥ കാരണമെന്ന് എ.ആര്‍. റഹ്മാൻ. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എക്സിലൂടെയാണ് (ട്വിറ്റര്‍) ഇക്കാര്യം അറിയിച്ചത്.
കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്, “പ്രിയ സുഹൃത്തുക്കളെ …. പ്രതികൂല കാലാവസ്ഥയും തുടര്‍ച്ചയായ മഴയും കാരണം അഗസ്ത് 12ന് ചെന്നൈയില്‍ നടത്താനായി തീരുമാനിച്ചിരുന്ന ഷോ എന്റെ പ്രിയ ആരാധകരുടെയും സുഹൃത്തുക്കളുടെയും ആരോഗ്യവും സുരക്ഷിതത്വവും മുൻനിര്‍ത്തി മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാനായി ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വൈകാതെ തന്നെ നിയമാധികാരികളുടെ സമ്മതവും കാലാവസ്ഥ അനുകൂലവുമായാല്‍ ഉടൻ പുതുക്കിയ തീയതി നിങ്ങളെ അറിയിക്കും എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്.
ട്വീറ്റിനു താഴെ വൈകാരികമായാണ് ആരാധകര്‍ പ്രതികരിച്ചത്. അതേസമയം കലക്കും മെഗാ ഷോകള്‍ക്കുമായി അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നും അത് ചെന്നൈക്ക് അന്താരാഷ്ട്ര തരത്തിലുള്ള അനുഭവങ്ങള്‍ പകരുന്ന തരത്തിലായിരിക്കണമെന്നും റഹ്മാൻ തമിഴ്നാട് സര്‍ക്കാറിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കത്തിന് മുഖ്യമന്ത്രി സ്റ്റാലിൻ മറുപടി നല്‍കി. ചെന്നൈയിലെ “കലൈനഗര്‍ കണ്‍വെൻഷൻ സെന്റര്‍” ഉടൻ തന്നെ ലോക നിലവാരത്തില്‍ നവീകരിക്കുമെന്നും അത് കലക്കും,പരിപാടികള്‍ക്കും, എക്സിബിഷനുകള്‍ക്കും പുത്തൻ ഉണര്‍വ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഹോട്ടലുകളും, ഫുഡ് കോര്‍ട്ടുകളും, പാര്‍ക്കിങ് സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.