Home Featured നീറ്റ് പരീക്ഷയില്‍ തോല്‍വി; 19-കാരന്‍ ആത്മഹത്യ ചെയ്തു, മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും ജീവനൊടുക്കി

നീറ്റ് പരീക്ഷയില്‍ തോല്‍വി; 19-കാരന്‍ ആത്മഹത്യ ചെയ്തു, മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും ജീവനൊടുക്കി

by jameema shabeer


ചെന്നൈ: നീറ്റ് പരീക്ഷയില്‍ രണ്ടാംവട്ടവും പരാജയപ്പെട്ടതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയ മകന്റെ സംസ്കാര ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും ആത്മഹത്യചെയ്തു.

ചെന്നൈയിലെ ക്രോംപേട്ടിലാണ് സംഭവം. 19-കാരനായ എസ്. ജഗതീശ്വരൻ ശനിയാഴ്ചയാണ് ജീവനൊടുക്കിയത്. മകന്റെ വിയോഗത്തില്‍ കടുത്ത വിഷമത്തിലായിരുന്ന പിതാവ് സെല്‍വശേഖര്‍ ഞായറാഴ്ച രാത്രി തൂങ്ങിമരിക്കുകയായിരുന്നു. മകന്റെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ് സെല്‍വശേഖര്‍ വീട്ടിലെത്തിയതിന് പിന്നാലെയായിരുന്നു സംഭവം.

2022-ല്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ജഗതീശ്വരന് കഴിഞ്ഞ രണ്ട് തവണയും നീറ്റ് പരീക്ഷ വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇതില്‍ കടുത്ത വിഷമത്തിലായിരുന്ന ജഗതീശ്വരൻ ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് കടുംകൈ കാട്ടിയത്. മകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ ജോലിക്കാരനോട് മുറിയില്‍ പോയി നോക്കാൻ സെല്‍വശേഖര്‍ ആവശ്യപ്പെട്ടു. ജോലിക്കാരൻ മുറിയിലെത്തിയപ്പോഴാണ് ജഗതീശ്വരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മകന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ഞായറാഴ്ച വൈകീട്ടോടെയാണ് സെല്‍വശേഖര്‍ വീട്ടില്‍ തിരിച്ചെത്തിയത്. മകന്റെ വിയോഗം താങ്ങാനാകാതെ കടുത്ത മാനസിക വിഷമത്തിലായിരുന്ന സെല്‍വശേഖര്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ തൂങ്ങിമരിക്കുകയായിരുന്നു.

അതിനിടെ, പിതാവിന്റെയും മകന്റെയും വിയോഗത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുശോചനം അറിയിച്ചു. ഡോക്ടറാകാൻ സ്വപ്നം കണ്ട മിടുക്കനായ ഒരു വിദ്യാര്‍ഥി കൂടി ഇപ്പോള്‍ നീറ്റ് ആത്മഹത്യകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നത് ഭയാനകമാണ്. ഏതൊരു സാഹചര്യത്തിലും ആരും ഇത്തരം കടുംകൈ ചെയ്യരുത്. വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് തടസമായ നീറ്റ് പരീക്ഷ ഉടൻ ഒഴിവാക്കുമെന്നും ഇതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുകയാണെന്നും ആവശ്യമായി നിയമനടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

നീറ്റ് പരീക്ഷ തമിഴ്നാട്ടില്‍ ഒഴിവാക്കാൻ 2021-ല്‍ ഡിഎംകെ സര്‍ക്കാര്‍ ബില്‍ പാസാക്കിയിരുന്നെങ്കിലും ഗവര്‍ണര്‍ ആര്‍എൻ രവി ബില്ലില്‍ ഒപ്പിടാൻ തയ്യാറായിരുന്നില്ല.

You may also like

error: Content is protected !!
Join Our Whatsapp