ചെന്നൈ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈ വിമാനത്താവളം കനത്ത സുരക്ഷാ വലയത്തിൽ. തിങ്കളാഴ്ച രാവിലെ മുതൽ ഏഴുതല സുരക്ഷാസംവിധാനം നിലവിൽവന്നു. 16-ന് അർധരാത്രിവരെ അധിക സുരക്ഷാസംവിധാനം പ്രാബല്യത്തിലുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. ബോംബു സ്ക്വാഡും പോലീസ് നായകളും തിരച്ചിൽനടത്തുന്നുണ്ട്. വാഹനങ്ങൾ വിശദമായിപരിശോധിച്ചതിന് ശേഷം മാത്രമേ വിമാനത്താവളത്തിനകത്തേക്ക് കടത്തുന്നുള്ളൂ. വിമാനത്താവളത്തിലെ നിലവിലുള്ള സി.ഐ.എസ്.എഫ്. സുരക്ഷ ഉദ്യോഗസ്ഥരുടെ ജോലിസമയം 12 മണിക്കൂറായി ഉയർത്തി. സായുധ പോലീസ് റോന്തു ചുറ്റുന്നുണ്ട്.
വിമാനത്താവളത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വി.ഐ.പി. പാസുകൾക്കും കർശനനിയന്ത്രണമുണ്ട്. ദ്രാവകം, അച്ചാർ, ഹൽവ, ജാം, എണ്ണ കുപ്പികൾ തുടങ്ങിയവ കൊണ്ടുപോകുന്നതിന് യാത്രികർക്ക് നിരോധനമുണ്ട്. കാർഗോ കയറ്റിറക്കുമേഖലകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പാഴ്സലുകൾ പലതവണ പരിശോധിച്ചശേഷംമാത്രമേ വിമാനത്തിൽ കയറ്റുകയുള്ളൂ.