വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ഉത്തരവുമായി മദ്രാസ് ഹൈകോടതി.കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന മുതുമല വനത്തിന്റെ കിഴക്കേ അതിര്‍ത്തിയിലുള്ള തെങ്കുമരാട ഗ്രാമം മുഴുവന്‍ ഒരു മാസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്നാണ് മദ്രാസ് ഹൈകോടതിയുടെ ഉത്തരവ്.1948ല്‍ കൃഷിക്കായി പൊതുജനങ്ങള്‍ക്ക് പാട്ടത്തിന് നല്‍കിയ പ്രദേശത്ത് മനുഷ്യ-മൃഗ സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ വനം വകുപ്പ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ഗ്രാമവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഭയം കൂടാതെ ജീവിക്കാന്‍ മൃഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും വനം, വന്യമൃഗ സംരക്ഷണം എന്നിവ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു.വനഭൂമി തിരിച്ചുപിടിക്കണമെന്ന് കോയമ്ബത്തൂര്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ 2011ല്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍, പ്രദേശത്തെ 497 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. തുടര്‍ന്ന്, ഒരു കുടുംബത്തിന് 15 ലക്ഷം രൂപ നിരക്കില്‍ പുനരധിവാസത്തിന് 74.55 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍കാര്‍ ദേശീയ കടുവ സംരക്ഷണ കമിഷന് കത്തയക്കുകയും ചെയ്തു.
എന്നാല്‍, സാങ്കേതിക കാരണം പറഞ്ഞ് തുക അനുവദിച്ചില്ല. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എന്‍ സതീഷ് കുമാര്‍, ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചാണ് വനമേഖല വീണ്ടെടുക്കുന്നതിന് തുക അനുവദിക്കേണ്ടത് കേന്ദ്രസര്‍കാരിന്റെ ചുമതലയാണെന്നും അടിയന്തരമായി അനുവദിക്കണമെന്നും ഉത്തരവിട്ടത്.തുക ഉപയോഗിച്ച് 497 കുടുംബങ്ങള്‍ക്കും നാല് ആഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കാനും അവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ചീഫ് പ്രിന്‍സിപല്‍ കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദേശവും നല്‍കി. കോടതി ഉത്തരവ് നടപ്പാക്കിയതു സംബന്ധിച്ച റിപോര്‍ട് ഒക്ടോബര്‍ 10ന് നല്‍കാനും നിര്‍ദേശിച്ചു