ചെന്നൈ:പച്ചക്കറി വിലയിൽ കാര്യമായ വർധനയില്ലാത്തത് ഓണത്തിന് ഒരുങ്ങുന്ന മലയാളികൾക്ക് ആശ്വാസം. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ പല പച്ചക്കറി സാധനങ്ങളുടെയും വില കുറഞ്ഞു. തക്കാളിയുടെ വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതേ സമയ പലചരക്ക് സാധനങ്ങൾക്ക് വില ഉയർന്നു. പരിപ്പ്, പയർ തുടങ്ങിയവയുടെ വില ഉയർന്നത് ഓണപ്പായസത്തെയാണ് ബാധിക്കുക. എന്നാൽ പച്ചക്കറി വില കുറഞ്ഞതിനാൽ സദ്യയെ കാര്യമായി ബാധിക്കില്ലെന്ന് ചെന്നൈ മലയാളികളിൽ പലരും അഭിപ്രായപ്പെടുന്നു.
ഒരു മാസത്തിന് മുമ്പ് തക്കാളി വില കിലോയ്ക്ക് 200-ന് മുകളിലായിരുന്നുവെങ്കിൽ ഇപ്പോൾ വിൽക്കുന്നത് ഇതിന്റെ നാലിലൊന്ന് വിലയിലാണ്. കോയമ്പേട് ചന്തയിലെ മൊത്ത വില പത്ത് ദിവസത്തിൽ വീണ്ടും കുറഞ്ഞു. ഓഗസ്റ്റ് 12-ന് മൊത്തവില കിലോയ്ക്ക് 20 മുതൽ 50 രൂപവരെയായിരുന്നുവെങ്കിൽ ഇപ്പോൾ ഇത് 15 മുതൽ 40 വരെയായി കുറഞ്ഞു. ചെറിയ ഉള്ളിയുടെ വില 60-70 രൂപയിൽനിന്ന് 50-60 രൂപയായി കുറഞ്ഞു. ഇതേ സമയം വലിയ ഉള്ളിയുടെ വില 18-22 രൂപയിൽനിന്ന് 30-34 രൂപയായി.
കാരറ്റിന്റെ വിലയിൽ വ്യത്യാസമില്ല. ബീറ്റ് റൂട്ട് വില 35-40 രൂപയിൽനിന്ന് 30-35 രൂപയായി കുറഞ്ഞു. പാവയ്ക്ക വില 25-30 രൂപയിൽനിന്ന് 30-35 രൂപയായി വർധിച്ചു. പടവലത്തിന്റെ വില 15 രൂപയിൽനിന്ന് 12 രൂപയായി കുറഞ്ഞു. കുമ്പളങ്ങ, മത്തൻ തുടങ്ങിയവയുടെ വിലയിൽ മാറ്റമില്ല.
കോയമ്പേട് ചന്തയിലെ മൊത്തവിലയെക്കാൾ 20 ശതമാനമെങ്കിലും കൂടുതൽ ചില്ലറ വിപണിയിൽ ഈടാക്കും. എങ്കിലും കൂടുതൽ പച്ചക്കറികൾക്കും പത്ത് ദിവസം മുമ്പുണ്ടായിരുന്നതിനെക്കാൾ വില കുറവാണ്. ഇതേ സമയം പലചരക്ക് സാധനങ്ങളിൽ കടല, പയർ, പരിപ്പ് എന്നിവയുടെ വില ഉയർന്നു. വിവിധതരം കടലകൾക്ക് 140 രൂപ മുതൽ 180 രൂപ വരെയാണ് വില. പരിപ്പിന് 100 മുതൽ 140 രൂപവരെയാണ്. പയറിനും വില വർധിച്ചു.