ചെന്നെെ:യൂട്യൂബില്‍ നോക്കി വീട്ടില്‍ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം ലോകനായകിയാണ് (27) പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവം മൂലം മരിച്ചത്.സംഭവത്തില്‍ മദേഷിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ പുലര്‍ച്ചെയാണ് ലോകനായകി വീട്ടില്‍ പ്രസവിച്ചത്. യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവ് മുൻകെെയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി. തുടര്‍ന്ന് ഭാര്യയെയും കുഞ്ഞിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു.
എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപ് തന്നെ യുവതി മരിച്ചതായി ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറാണ് പൊലീസിന് വിവരമറിയിച്ചത്.പൊലീസ് അന്വേഷണത്തിലാണ് യൂട്യൂബ് നോക്കിയാണ് മദേഷ് പ്രസവമെടുക്കുന്ന രീതി മനസിലാക്കിയതെന്ന് കണ്ടെത്തി. ഇയാള്‍ വീട്ടില്‍ പ്രസവമെടുക്കുന്ന രീതി യൂട്യൂബില്‍ നിരന്തരം കണ്ടിരുന്നതായി അയല്‍ക്കാരും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുറ്റം സ്ഥിരീകരിച്ചാല്‍ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.