ചെന്നൈ ∙ നഗരം മുഴുവൻ മെട്രോയിൽ സഞ്ചരിക്കാൻ വഴിയൊരുക്കുന്ന രണ്ടാം ഘട്ട മെട്രോയിലെ നിർണായകവും സങ്കീർണവുമായ നിർമാണ പ്രവർത്തനങ്ങൾക്കു മറീന ബീച്ചിൽ തുടക്കമിട്ട് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ). നാലാം ഇടനാഴിയിലെ ആദ്യ തുരങ്ക നിർമാണമാണു മറീനയിലെ ലൈറ്റ് ഹൗസിൽ ഇന്നലെ ആരംഭിച്ചത്. നിർമാണം പൂർത്തിയാകുന്നതോടെ കടൽത്തീരത്തെ മനോഹരമായ കാഴ്ചയായും സെൻട്രൽ സ്റ്റേഷനേക്കാൾ വലിയ സ്റ്റേഷനായും ലൈറ്റ്ഹൗസ് സ്റ്റേഷൻ മാറും.
നിലവിൽ പ്രവർത്തിക്കുന്ന ഒന്നാം ഘട്ട മെട്രോ സ്റ്റേഷനുകളിലെ വമ്പൻ സെൻട്രൽ ആണെങ്കിലും രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ വലുപ്പത്തിൽ ലൈറ്റ് ഹൗസ് സെൻട്രലിനെ കടത്തിവെട്ടും. രണ്ടാം ഘട്ടത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഷനായി മാറുന്ന ലൈറ്റ് ഹൗസിന്റെ ആകെ നീളം 416 മീറ്റർ. ഇതിനു പുറമേ മറ്റനേകം പ്രത്യേകതകളും ലൈറ്റ് ഹൗസ് സ്റ്റേഷനുണ്ട്.3 ലെവലുകളിലായി നിർമിക്കുന്ന സ്റ്റേഷന്റെ ഏറ്റവും താഴത്തെ ലെവലിലാണു ടിക്കറ്റ് കൗണ്ടർ. ഇവിടെ നിന്നു ടിക്കറ്റ് എടുത്ത ശേഷം വേണം മുകളിലെ പ്ലാറ്റ്ഫോമിലെത്താൻ.
നിലവിലുള്ള ഭൂഗർഭ സ്റ്റേഷനുകളിൽ മുകൾ നിലയിൽ ടിക്കറ്റ് കൗണ്ടറും താഴെ ഭാഗത്ത് പ്ലാറ്റ്ഫോമും ആണുള്ളത്. നഗരവാസികൾക്ക് മെട്രോയിൽ വന്നിറങ്ങി നേരെ ബീച്ചിലേക്കു പോകാനും ലൈറ്റ് ഹൗസ് സ്റ്റേഷൻ വഴിയൊരുക്കും. ബീച്ചിലെ മനോഹര കാഴ്ചയായി മെട്രോ സ്റ്റേഷൻ മാറുമെന്ന കാര്യത്തിലും സംശയമില്ല. ലൈറ്റ് ഹൗസിൽ നിന്നു പൂനമല്ലി ഡിപ്പോ വരെ 26.1 കിലോമീറ്റർ ദൈർഘ്യത്തിലാണു നാലാം ഇടനാഴി സജ്ജമാക്കുന്നത്. 9 ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 18 സ്റ്റേഷനുകൾ ഉണ്ടാകും.
ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി ഡിപ്പോ വരെയുള്ള നാലാം ഇടനാഴിയിൽ ലൈറ്റ് ഹൗസ് മുതൽ മൈലാപ്പൂർ വരെയുള്ള 1.96 കിലോമീറ്റർ ദൈർഘ്യത്തിലാണ് തുരങ്കം നിർമിക്കുന്നത്. ഫ്ലമംഗോ, ഈഗിൾ എന്ന പേരുകളിലുള്ള 2 തുരങ്ക നിർമാണ യന്ത്രങ്ങൾ (ടിബിഎം) ഉപയോഗിച്ചാണു നിർമാണം. ലൈറ്റ് ഹൗസിൽ ഭൂനിരപ്പിൽ നിന്ന് 30 മീറ്റർ ആഴത്തിലാണ് തുരങ്കം നിർമിക്കുക. ലൈറ്റ് ഹൗസിൽ നിന്ന് കച്ചേരി റോഡ് വഴി മൈലാപ്പൂർ വരെയുള്ള തുരങ്കം 1 വർഷം കൊണ്ടു പൂർത്തിയാക്കുകയാണ് ഉദ്ദേശ്യം.
അനുമതികളുടെ വലിയ കടമ്പ കടന്നാണ് ലൈറ്റ്ഹൗസിൽ ഭൂഗർഭ നിർമാണം ആരംഭിച്ചത്. ഭൂമിശാസ്ത്രപരമായ വ്യത്യാസം തന്നെയായിരുന്നു പ്രധാന കാരണം. തീരദേശ നിയന്ത്രണ മേഖലയായതിനാൽ കൃത്യമായ പഠനം നടത്തിയ ശേഷമാണു കേന്ദ്രാനുമതി ലഭിച്ചത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നായതിനാൽ സംസ്ഥാന സർക്കാരിന്റെ അനുമതിയും തേടി. പദ്ധതിക്കായി മറീനയിലെ ഗാന്ധി പ്രതിമ മറ്റൊരു സ്ഥലത്തേക്കു മാറ്റുകയും ചെയ്തു.