ചെന്നൈ: തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപ വീതം നല്‍കുന്ന പദ്ധതി 15ന് തുടങ്ങും. പാര്‍ട്ടി സ്ഥാപകനും മുൻമുഖ്യമന്ത്രിയുമായ അണ്ണാദുരൈയുടെ ജന്മദിനത്തില്‍ അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എംകെ.സ്റ്റാലിൻ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് അടുത്തമാസം മുതല്‍ ഒന്നാം തിയതികളില്‍ പണം ലഭിക്കും. ഒരു കോടിയോളം വീട്ടമ്മമാര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം.
പദ്ധതിയിലേക്ക് 1.63 കോടി പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. രണ്ടുഘട്ടമായി സംസ്ഥാനമൊട്ടാകെ പ്രത്യേക രജിസ്‌ട്രേഷൻ ക്യാമ്ബുകള്‍ നടത്തിയാണ് അപേക്ഷ സ്വീകരിച്ചത്. അപേക്ഷകരുടെ വീടുകളില്‍ നേരിട്ടെത്തി പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കിയിരുന്നു.
ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്ക് മാത്രമായിരിക്കും പണം ലഭിക്കുക. 21 വയസ്സാണ് കുറഞ്ഞ പ്രായപരിധി. കുടുംബ വാര്‍ഷികവരുമാനം 2.5 ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ജലസേചന സൗകര്യമുള്ള അഞ്ചേക്കറിലും ജലസേചന സൗകര്യമില്ലാത്ത 10 ഏക്കറിലും കൂടുതല്‍ കൃഷിസ്ഥലമുള്ളവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുടുംബത്തിന്റെ വാര്‍ഷിക വൈദ്യുതി ഉപഭോഗം 3,600 യൂണിറ്റില്‍ താഴെയായിരിക്കണം. ട്രാൻസ്‌ജെൻഡര്‍ വനിതകള്‍ക്കും പദ്ധതിയില്‍ അംഗമാകാം.