ചെന്നൈ ∙ ദേശീയപാതയിൽ ബൈക്ക് സ്റ്റണ്ടിങ് നടത്തി അപകടത്തിൽപ്പെട്ട യുട്യൂബർ ജയിലിലായി. ടിടിഎഫ് വാസനെന്ന യുവാവിനെയാണ് അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കുക, മറ്റുള്ളവരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന തരത്തിൽ വാഹനം ഓടിക്കുക തുടങ്ങിയ 5 വകുപ്പുകളിൽ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ചെന്നൈ വെല്ലൂർ ദേശീയപാതയിൽ ഈസ്റ്റ് ബൈപാസ് പാലത്തിന് സമീപം 18ന് ബൈക്കിന്റെ മുൻ ചക്രം ഉയർത്തി ബൈക്കോടിച്ച് ഇയാൾ അപകടത്തിൽപ്പെട്ടിരുന്നു. കയ്യൊടിഞ്ഞ് ആശുപത്രിയിലായ ഇയാൾ പിന്നീട് തിരുവള്ളൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. ഇവിടെ നിന്നു പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.