ചൈനീസ് സിന്തറ്റിക് നൂലായ ചൈനീസ് മാഞ്ചയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. സാധാരണയായി പട്ടം പറത്താൻ ഉപയോഗിക്കുന്ന ഈ നൂലിന്റെ നിര്‍മാണവും വില്പനയും, ഉപയോഗവും നിരോധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 6-ന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ നിരോധനം, മാസാവസാനം തമിഴ്നാട് സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
ഈ നൂല് ജീവന് ഭീഷണിയാകുന്നതാണ് നിരോധനത്തിന് കാരണമെന്ന് ഔദ്യോഗിക അറിയിപ്പില്‍ എൻവയോണ്‍മെന്റ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഫോറസ്റ്റ് ഡിപാര്‍ട്മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു. സിന്തറ്റിക് മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചൈനീസ് മാഞ്ച കാരണം നിരവധി മനുഷ്യര്‍ക്കും പക്ഷികള്‍ക്കും പരിക്കേല്‍ക്കാൻ കാരണമായിട്ടുണ്ട്.
കൂടാതെ, പട്ടം പറത്തലിനു ശേഷം ഈ നൂലുകള്‍ ഭൂമിയില്‍ വലിച്ചെറിയപ്പെടുന്നു. അതില്‍ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക്ക് പ്രകൃതിയില്‍ ജീര്‍ണ്ണിക്കുന്ന തരത്തിലുള്ളതല്ല. ഇതിലൂടെ പാരിസ്ഥിക പ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്.
വര്‍ഷത്തില്‍ നിരവധി മരണങ്ങള്‍ക്കും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കാനും ഈ നൂല് കാരണമുണ്ടാകാറുണ്ട്. പട്ടം പറത്തല്‍ മത്സരത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന നൂല് കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികരടക്കം മരിച്ച സംഭവമുണ്ട്. മിക്ക സ്ഥലങ്ങളും ഈ നൂല് നിരോധിച്ചിട്ടുണ്ട്.