ചെന്നൈ; രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി പുതിയ നീക്കവുമായി നടൻ വിജയ്. സംസ്ഥാനത്തെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് തീരുമാനം. ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.
നേരത്തേ തന്നെ സൗജന്യ ട്യൂഷൻകേന്ദ്രങ്ങള്‍, നിയമസഹായകേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ വിവിധ മണ്ഡലങ്ങളില്‍ ആരംഭിച്ചിരുന്നു.10, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതായി ആരാധക സംഘടനയുടെ നേതൃത്വത്തില്‍ മുൻപ് ചെന്നൈയില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നടന്റെ നേതൃത്വത്തിലുള്ള സജീവ ഇടപെടല്‍. ഇതോടെ നടന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന്റെ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്.
അടുത്തിടെ തന്റെ പുതിയ ചിത്രമായ ലിയോയുടെ വിജയാഘോഷത്തിനിടെ നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമായ സൂചന വിജയ് നല്‍കിയിരുന്നു. ബിഗില്‍ സിനിമയിലെ സംഭാഷണത്തെ അനുസ്മരിപ്പിച്ച് ‘2026ല്‍ കപ്പ് മുഖ്യം ബിഗിലേ’ എന്നായിരുന്നു താരം പറഞ്ഞത്.
‘ഇവിടെ എല്ലാവര്ക്കും സ്ഥാനമുണ്ട്.തമിഴ് സിനിമയില്‍ ‘ഒരേയൊരു പുരട്ചി തലൈവര്‍ (എംജിആര്‍) മാത്രമേയുള്ളൂ, ഒരേയൊരു നടികര്‍ തിലകം (ശിവാജി ഗണേശൻ), ഒരേയൊരു ക്യാപ്റ്റൻ (വിജയകാന്ത്), ഒരേയൊരു ഉലകനായകൻ (കമല്ഹാസൻ), ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ (രജനീകാന്ത്), ഒരേയൊരു തല (അജിത് കുമാര്‍). ദളപതിയെന്നാല്‍ സൈനികരില്‍ നിന്നും ഉത്തരവുകള്‍ സ്വീകരിക്കുന്നവനാണ്. ജനങ്ങളാണ് എന്റെ രാജാക്കൻമാര്. അവരെ സേവിക്കുന്നയാളാണ് ഞാൻ’, എന്നായിരുന്നു വിജയിയുടെ വാക്കുകള്‍.
അടുത്ത നിയമസങ തിരഞ്ഞെടുപ്പിന് മുൻപ് വിജയ് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.234-മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കാൻ മക്കള്‍ ഇയക്കത്തെ ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.