ചെന്നൈ: പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതല്‍ വിറ്റ് കാശാക്കിയ പൊലീസുകാരൻ സിസിടിവിയില്‍ കുടുങ്ങി.
ചെന്നൈ ഓട്ടേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന നിരോധിത പാൻമസാലയാണ് ഹെഡ് കോണ്‍സ്റ്റബിളായ വെങ്കിടേഷ് കടത്തിയത്. സിറ്റി ഇന്റലിജന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥനാണ് വെങ്കിടേഷ്. പൊലീസുകാരൻ തൊണ്ടിമുതല്‍ സ്റ്റോര്‍ റൂമില്‍ നിന്നും മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്റ്റോര്‍ റൂമിലെ സിസിടിവി ദൃശ്യങ്ങള്‍ സ്റ്റേഷൻ ചമുതലയുള്ള ഉദ്യോഗസ്ഥൻ യാദൃശ്ചികമായി പരിശോധിച്ചപ്പോഴാണ് പൊലീസുകാരന്റെ കള്ളക്കളി പിടിക്കപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ കടകളില്‍ നിന്നും പിടിച്ചെടുത്ത 770 കിലോ നിരോധിത പാൻമസാല സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്നും അഞ്ച് കിലോ പാൻമസാലയാണ് വെങ്കിടേഷ് കടത്തിയത്. സ്റ്റോര്‍ മാനേജര്‍ ഭക്ഷണം കഴിക്കുന്നതിനിടെ അകത്തുകടന്ന വെങ്കിടേഷ് എന്തോ സാധനം തിരയുകയും പിന്നീട് സ്റ്റോര്‍ മാനേജറുടെ ശ്രദ്ധ മാറിയപ്പോള്‍ പാൻമസാല പാക്കറ്റുകള്‍ ഒളിപ്പിച്ചു കടത്തിയ ശേഷം പുറത്ത് രണ്ട് പേര്‍ക്ക് കൈമാറുന്നതും വിഡിയോയില്‍ കാണാം.
18 പൗച്ചുകളാണ് നഷ്ടമായതെന്നും ബാക്കി തൊണ്ടിമുതല്‍ സ്റ്റേഷനില്‍ തന്നെയുണ്ടെന്നും നോര്‍ത്ത് ചെന്നൈ അഡീഷണല്‍ കമ്മീഷണര്‍ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ടിന് ശേഷം വെങ്കിടേശിനെതിരെ കേസെടുത്ത് വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അഡീഷണല്‍ കമ്മീഷണര്‍ അറിയിച്ചു.