കട്ടപ്പന: എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് ദുരിതാശ്വാസത്തിന്റെ ആദ്യഗഡു 2000 രൂപ ഉടന്‍ വിതരണം ചെയ്യും. ഇതിന്റെ ടോക്കണുകള്‍ തിങ്കളാഴ്ച മുതല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്തുതുടങ്ങി. ടോക്കണ്‍ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റേഷന്‍ കാര്‍ഡ് ധനസഹായം ലഭിക്കും. ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തമിഴ് തൊഴിലാളികള്‍ക്ക് ധനസഹായം ഏറെ ആശ്വാസം പകരും. ലോക്ഡൗണിനെത്തുടര്‍ന്ന് കേരളത്തില്‍ എത്തി ജോലിചെയ്യാനാവാതെ വന്നതോടെ ഏറെ ദുരിതത്തിലായിരുന്നു തോട്ടം തൊഴിലാളികള്‍.
തമിഴ്നാട്ടിലെ 2.04 കോടി കാര്‍ഡുടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതിനായി 4153.39 കോടി രൂപയാണ് വകയിരുത്തുന്നത്. അതേസമയം ധനസഹായ പരിധിയില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തൃച്ചന്തൂര്‍ സ്വദേശിയായ അഭിഭാഷകന്‍ രാംകുമാര്‍ ആദിത്യന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ലോക്ക്ഡൗണ്‍ കാലത്തും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളം മുടക്കമില്ലാതെ കിട്ടുന്നുണ്ട്. ഇവര്‍ക്കായി വകയിരുത്തിയിട്ടുള്ള തുകയും കൂലിപ്പണിക്കാര്‍ക്ക് വിതരണം ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സ്റ്റാലിന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. കൊവിഡ് ദുരിതാശ്വാസത്തിന് പുറമേ സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ സൗജന്യമാക്കിയതായിരുന്നു പ്രധാന പ്രഖ്യാപനം. ഇതിലൂടെ സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനാകും. കൂടാതെ ഓര്‍ഡിനറി ബസുകളില്‍ ജോലിക്ക്പോകുന്ന സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആവിന്‍ പാലിന് 3 രൂപയും കുറച്ചിരുന്നു.
