ചെന്നൈ : കേരള മാതൃകയിൽ തമിഴ് നാട്ടിലും കോവിഡ് ടെസ്റ്റുകളുടെ നിരക്ക് കുറയ്ക്കണം എന്നാവശ്യവുമായി ആൾ ഇന്ത്യ മലയാളി അസോസിയേഷൻ രംഗത്ത്. ഇത് സംബന്ധിച്ച് ഒരു നിവേദനം എയ്മ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി എൻ ശ്രീകുമാർ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനു നൽകി.

തമിഴ്നാടിൻ്റെ എല്ലാ അയൽ സംസ്ഥാനങ്ങളും അവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് കോവിഡ് പരിശോധനാ ഫലം നിർബന്ധമാക്കിയ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് അടിയന്തിര യാത്രകൾ വേണ്ടവർ നിർബന്ധിത കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. നിലവിൽ തമിഴ്നാട്ടിൽ കോവിഡ് പരിശോധനയ്ക്കുള്ള ആർ ടി പി സി ആർ ടെസ്റ്റിന് ലാബുകൾ ഈടാകൂന്നത് 1200 രൂപ മുതൽ 1500 രൂപ വരെയാണ്.
ഇക്കാര്യത്തിൽ സർക്കാർ ഇടപ്പെട്ട് ആർ ടി പി സി ആർ നിരക്ക് 600 രൂപയാക്കി ക്കുറയ്ക്കാന്നുള്ള നിർദ്ദേശം സംസ്ഥാനത്തു പ്രവർത്തിക്കുന്ന ലാബുകൾക്ക് നൽകണമെന്നാണ് എയ്മ മുഖ്യമന്ത്രി എം കെ സ്റ്റാലിന് നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചത് . ഇത് യാത്രയ്ക്കായി ടെസ്റ്റിനു പോകുന്നവർക്കു മാത്രമല്ല, ചികിത്സാർത്ഥം ടെസ്റ്റ് ചെയ്യാൻ വരുന്നവർക്കും വലിയ ആശ്വാസമാകുമെന്ന് നിവേദനത്തിൽ പറഞ്ഞു
