കുമളി : കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും നിയന്ത്രണമില്ലാതെ തുടരുമ്ബോള്‍ വൈറസ് വ്യാപനം തടഞ്ഞ് അയല്‍സംസ്‌ഥാനമായ തമിഴ്‌നാട്.
38 ജില്ലകളും ഏഴര കോടിയിലധികം ജനങ്ങളുമുള്ള തമിഴ്‌നാട്ടില്‍ പ്രതിദിന കോവിഡ് മരണം മുപ്പതില്‍ താഴെ മാത്രം. പ്രതിദിന രോഗബാധിതര്‍ രണ്ടായിരത്തില്‍ താഴെ. ബുധനാഴ്‌ച 1756 പേര്‍ക്കു രോഗം ബാധിച്ചതായും 29 മരണം സ്‌ഥിരീകരിച്ചെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിനിലെ കണക്ക്. കഴിഞ്ഞ പത്തു ദിവസമായി ഈ കണക്ക് തുടരുന്നു. എന്നാല്‍, കേരളത്തിലാകട്ടെ പ്രതിദിന കോവിഡ് മരണം നൂറിനു മുകളിലും പ്രതിദിന കോവിഡ് ബാധിതര്‍ ഇരുപതിനായിരത്തിലേറെയും.
തമിഴ്‌നാട്ടിലെ ധര്‍മപുരി, ദിണ്ഡുക്കല്‍, കാഞ്ചീപുരം, കന്യാകുമാരി, മധുര, മൈലാടുംതുറൈ, നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം , റാണിപെട്ട്, ശിവഗംഗ, തെങ്കാശി, തേനി, തിരുപ്പത്തൂര്‍, തിരുവല്ലൂര്‍, തുത്തുക്കുടി, തിരുനല്‍വേലി, വെല്ലൂര്‍, വില്ലുപുരം, വിരുതുനഗര്‍ തുടങ്ങി 22 ജില്ലകളില്‍ ജൂലൈ 28 വരെ കോവിഡ് മരണമില്ലെന്നാണ് ഔദ്യോഗിക കണക്ക്.കോവിഡ് യുദ്ധമുഖത്ത് തമിഴ്‌നാട് മുന്നേറുകയാണന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്‌ഥിതി തുടര്‍ന്നാല്‍ ഓഗസ്‌റ്റ് 15-നകം കോവിഡ് മരണമില്ലാത്ത സംസ്‌ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാട് ഇടം പിടിച്ചേക്കാം.
മാസ്‌ക് ഉപയോഗിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ആളുകള്‍ കാര്യമായി ശ്രദ്ധിക്കാതെയിരുന്നിട്ടും തമിഴ്‌നാട്ടില്‍ കോവിഡ് മരണങ്ങള്‍ നിയന്ത്രിക്കാനായി. അറുപത് ശതമാനത്തിലധികം പേര്‍ക്കും ഇതിനോടകം വാക്‌സിന്‍ നല്‍കി കഴിഞ്ഞു.
ഞായറാഴ്‌ച ഒഴികെ എല്ലാ ദിവസങ്ങളിലും മുടങ്ങാതെ വാക്‌സിന്‍ വിതരണം നടത്തിയതാണ് മരണനിരക്ക് കുറയ്‌ക്കാനായതിനു കാരണമായി തമിഴ്‌നാട്ടിലെ ആരോഗ്യവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കു കീഴിലും വിവിധ വാര്‍ഡുകളിലായാണ് വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം വാക്‌സിനേഷന്‍ സെന്ററുകളില്‍ ആള്‍ക്കൂട്ടങ്ങള്‍ കുറയ്‌ക്കാനും രോഗവ്യാപനം നിയന്ത്രിക്കാനും കഴിഞ്ഞു.