
ചെന്നൈ : ഇതുവരെയും കോവിഡ് വാക്സീൻ എടുക്കാത്തവരുടെ പട്ടിക തയാറാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകി. വീടുകൾ കയറിയുള്ള ബോധവൽക്ക രണത്തിനു വേണ്ടിയാണിത്. ആവശ്യമെങ്കിൽ വീടുകളിൽ തന്നെ വാക്സിനേഷൻ നൽകും. വൈമുഖ്യം ഒഴിവാക്കുന്നതിനു വേണ്ടിയും കൂടുതൽ പേരെ രണ്ടു ഡോസ് എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുമാണു ബോധവൽക്കരണം നടത്തുന്നതെന്ന് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ പറഞ്ഞു. വീടുകളിലെത്തി ചികിത്സ ലഭ്യമാക്കുന്ന ‘മക്കളെ തേടി മരുതുവം’ പദ്ധതിയിൽ വാക്സിനേഷൻ സംബന്ധിച്ചുള്ള അന്വേഷണങ്ങൾ കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് ഇതുവരെ 31% പേർ ആദ്യ ഡോസ് പോലും സ്വീകരിച്ചിട്ടില്ല. 29% പേർ മാത്രമാണു രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുള്ളത്.
