
ചെന്നൈ : തമിഴ്നാട്ടിൽ പൊതു സ്ഥലത്തു സ്ഥാപിച്ചിട്ടുള്ള അനധികൃത പ്രതിമകൾ ആരു നീക്കം ചെയ്യുമെന്നു മദ്രാസ് ഹൈക്കോടതിയുടെ ചോദ്യം. പൊതുസ്ഥലത്ത് പ്രതിമകൾ സ്ഥാപിക്കുന്നതിനെതിരായ പൊതുതാൽപര്യ ഹർജിയിൽ ഉത്തരവിടുന്നതിനിടെയാ ണു ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി, ജസ്റ്റിസ് പിഡി.ആദി കേശവലു എന്നിവരടങ്ങിയ ബെഞ്ച് സംശയം ഉന്നയിച്ചത്.
സർക്കാർ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ രാഷ്ട്രീയനേതാക്കളുടെ പ്രതിമകൾ യഥേഷ്ടം സ്ഥാപിക്കുന്നതിന് എതിരെയായിരുന്നു ഹർജി. സുപ്രീം കോടതി നിർദേശങ്ങളോ സർക്കാർ വിജ്ഞാപനങ്ങളോ ലംഘിച്ചു പൊതുസ്ഥലത്ത് പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ടോയെന്നതും ഇതിനായി ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങിയിരുന്നോ എന്ന കാര്യവും ചീഫ് സെക്രട്ടറി അറിയിക്കണമെന്നു കോടതി നിർദേശിച്ചു. തുടർന്നു കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഡിസംബർ 15ലേക്കു മാറ്റി.
