
ചെന്നൈ : അണ്ണാഡിഎംകെ നേതൃത്വത്തെ അസ്വസ്ഥമാക്കി പ്രവർത്തകരെ നേരിട്ടു കാണാൻ സംസ്ഥാന പര്യടനം ആരംഭിച്ച വി.കെ.ശശികല ഇന്നു രാമനാഥപുരം പശുംപൊൻ ഗ്രാമം സന്ദർശിച്ച് തേവർ സമുദായത്തിന്റെ പ്രധാന ആഘോഷങ്ങളിലൊനായ മുത്തുരാമലിംഗ തേവർ ജയന്തിയിൽ പങ്കെടുക്കും.അതേസമയം, മുൻമുഖ്യമന്ത്രിയും പാർട്ടിയുടെ കോ-ഓർഡിനേറ്ററുമായ ഒ.പനീർസെൽവം തേവർ ജയന്തിയിൽ പങ്കെടുക്കാനെത്തുമോയെന്നതും പ്രവർത്തകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്നു നടക്കുന്ന തേവർ ജയന്തിക്കും ഗുരുപൂജആഘോഷങ്ങൾക്കും മുന്നോടിയായി മധുരയിലെ ഗോരിപാളയം ജംക്ഷനിലെ മുത്തുരാമലിംഗ തേവരുടെ പ്രതിമയിൽ ഇന്നലെ ശശികല ഹാരാർപ്പണവും പുഷ്പവൃഷ്ടിയും നടത്തി.

താൻ ഉൾപ്പെടുന്ന സമുദായത്തിന്റെ പിന്തുണയോടെയും ആശീർവാദത്തോടെയും പാർട്ടിയിൽ തിരിച്ചെത്താനുള്ള നീക്കമായാണു ശശികലയുടെ തേവർ ജയന്തിയിൽ പങ്കെടുക്കുന്നത്.പാർട്ടി പിളർപ്പിലേക്കു നീങ്ങുകയാണെങ്കിൽ, ‘ജാതി കാർഡ്’ പ്രയോജനപ്പെടുമെന്നും ആദ്യ ചായ്വ് തേവർ സമുദായത്തിൽ നിന്നുള്ള മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ കോ-ഓർഡിനേറ്ററുമായ ഒ.പനീർസെൽവത്തിൽ നിനാകുമെന്നും ഏറെക്കുറെ ഉറപ്പായി. ഒപിഎസിന്റെ മകൾ ശശികലയുടെ വീട്ടിൽ നടത്തിയ രഹസ്യ സന്ദർശനവും സഹോദരൻ ഒ രാജ, ടി.ടി.വി.ദിനകരന്റെ മകളു ടെ വിവാഹ സർക്കാരത്തിനെത്തിയതും രഹസ്യ പിന്തുണയുടെ ഭാഗമായാണെന്നുള്ള പ്രചാരണം ശക്തമാണ്. ശശികലയെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്ന വിഷയത്തിൽ അണ്ണാഡിഎംകെ നേതൃത്വം അടക്കം വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ശശികലയെക്കുറിച്ച് പരസ്യ പ്രതികരണം പാടില്ലെന്ന് ആവശ്യപെട്ട് ചെന്നൈ ജില്ലാ ഭാരവാഹി കൾ വിഡിയോ പുറത്തിറക്കി.