
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരിപൂര്‍ണ അധികാരവും അവകാശവും തങ്ങള്‍ക്കെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് തമിഴ്നാട്. ഇതിനു വിപരീതമായി വരുന്ന ചില മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജലവിഭവ മന്ത്രി എസ്.ദുരൈമുരുഗന് പറഞ്ഞു. 1886ലെ കേരളവുമായി ഒപ്പിട്ട കരാര്‍ പ്രകാരം അണക്കെട്ട് പരിപാലിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും തമിഴ്നാടിന്റെ ഉടമസ്ഥതയിലാണ്.

28ന് അണക്കെട്ടിന്റെ 2 ഷട്ടറുകള്‍ തമിഴ്നാട് തുറന്നപ്പോള്‍ കേരളത്തിലെ ജലമന്ത്രിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, കേരളത്തിലെ ഉദ്യോഗസ്ഥരാണു ഷട്ടറുകള്‍ തുറന്നതെന്ന തരത്തിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ഇരു സംസ്ഥാനങ്ങളുടെയും താല്പര്യം കണക്കിലെടുത്ത് ഇത് ഒഴിവാക്കണമെന്നു ദുരൈമുരുഗന് ആവശ്യപ്പെട്ടു.അതിനിടെ, ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ നിന്നു വെള്ളമൊഴുക്കി കളയുന്നതിനെ എതിര്‍ത്ത് അണ്ണാഡിഎംകെ രംഗത്തെത്തി. ജലനിരപ്പ് 142 അടിയാക്കി നിലനിര്‍ത്തണമെന്നു പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ ഒ.പനീര്‍സെല്‍വം ആവശ്യപ്പെട്ടു.