
ചെന്നൈ : ദീപാവലി പ്രമാണിച്ച് ഏർപ്പെടുത്തിയ സ്പെഷൽ ബസുകളുടെ സർവീസ് ആരംഭിച്ചു. മൂന്നാം തീയതി വരെ 9,806 സ്പെഷൽ ബസുകളാണു ചെന്നൈയിൽ നിന്നു സർവീസ് നടത്തുക. കോയമ്പേട്, മാധവാരം, കെകെനഗർ, പൂനമല്ലി, താംബരം സാനറ്റോറിയം, താംബരം റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് ചെന്നൈയിൽ നിന്നുള്ള ബസുകൾ പുറപ്പെടുന്നത്. ഇന്നലെ 2,401 ബസുകൾ സർവീസ് നടത്തി. ബുക്കിങ്ങിനായി കോയമ്പേട് ബസ് സ്റ്റാൻഡിൽ 12 കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്.

സ്വകാര്യ ബസുകൾ ഈടാക്കുന്ന നിരക്ക് നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിയെ ഗതാഗത വകുപ്പ് നിയോഗിച്ചു. അധിക നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി എടുക്കുമെന്ന് അറിയിച്ചു. ദീപാവലി ആഘോഷത്തിനു ശേഷം തിരിച്ചെത്തുന്നതിനായി 5 മുതൽ 8 വരെ സംസ്ഥാനമൊട്ടാകെ 17,719 ബസുകൾ ഓടും.