
ചെന്നൈ: കോവിഡ് ഭീതി കുറഞ്ഞതോടെ ദീപാവലി ആഘോഷം കെങ്കേമമാക്കാൻ നഗരം. ദീർഘമായ അവധി ലഭിച്ചതോടെ പലരും ആഘോഷങ്ങൾക്കായി സ്വദേശളിലേക്കും പുറപ്പെട്ടു. ഷോപ്പിങ്ങും പടക്കം പൊട്ടിക്കലും പലഹാരങ്ങൾ തയാറാക്കലുമെല്ലാമായി അവസാനവട്ട ഒരുക്കത്തിലാണു നഗരത്തിലെ സ്ഥിരതാമസക്കാർ.

ഇതേസമയം ദീപാവലി ആഘോഷങ്ങൾ സുരക്ഷിതമാക്കാനുള്ള അഭ്യർഥനയുമായി സംസ്ഥാന പൊലീസ് മേധാവി സി.ശൈലേന്ദ്രബാബു. കോടതിയുടെ നിർദേശങ്ങൾക്ക് അനുസൃതമായി മാത്രം പടക്കങ്ങൾ പൊട്ടിക്കുവാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. രാവിലെ 6 മുതൽ 7 വരെയും വൈകിട്ട് 7 മുതൽ 8 വരെയുമാണ് പടക്കങ്ങൾ പൊട്ടിക്കുവാൻ അനുവദിക്കപ്പെട്ടിട്ടുള്ള സമയം. നിരോധിക്കപ്പെട്ട പടക്കങ്ങൾ വിൽക്കരുതെന്നും വ്യാപാരികളോട് നിർദേശിച്ച ഡിജിപി, അത്തരത്തിലുള്ളവ വാങ്ങരുതെന്ന് പൊതുജനങ്ങളോടും അഭ്യർഥിച്ചു. മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രമേ കുട്ടികളെ പടക്കങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കാവൂ.