
നിങ്ങളുടെ ഫോണ്‍ നിര്‍ബന്ധപൂര്‍വം വാങ്ങാനും മെസേജുകളടക്കം പരിശോധിക്കാനും പൊലീസിന് അധികാരമുണ്ടോ?. ഇല്ലെന്നാണ് പല നിയമവിദഗ്ദരും പറയുന്നത്.ഏതെങ്കിലും കേസിന്റെ അന്വേഷണത്തിനിടെ പൊലീസിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്നതിന്റെ കാരണങ്ങളുള്ള രേഖകള്‍ സഹിതം ആകാമെന്ന് മാത്രം. ഈയടുത്തു നടന്ന പല കേസുകളിലും വാട്‌സ്‌ആപ്പ് ചാറ്റുകളായിരുന്നു പൊലീസ് തെളിവായി സമര്‍പ്പിച്ചിരുന്നത്. ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസിലും ഹിന്ദി നടി രേഖ ചക്രവര്‍ത്തിയുടെ കേസിലും ഇതായിരുന്നു പൊലീസ് രീതി. ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിനെതിരെയും ഡല്‍ഹി കലാപക്കേസിലെ മറ്റുള്ളവര്‍ക്കെതിരെയും ഇതേ രീതി ഉപയോഗിക്കപ്പെട്ടു.
കഴിഞ്ഞ ആഴ്ച മയക്കുമരുന്ന് വേട്ടക്കായെന്ന പേരില്‍ ഹൈദരാബാദില്‍ ജനങ്ങളെ തടഞ്ഞുനിര്‍ത്തി പൊലീസ് അവരുടെ ഫോണുകള്‍ പരിശോധിക്കുന്ന ദൃശ്യം പ്രചരിച്ചിരുന്നു. ഈ നടപടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഗവേഷകന്‍ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ പലരുടെയും മനസ്സില്‍ പൊലീസിന്റെ അധികാരത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടാകും.
പൊലീസിന്റെ അന്വേഷണ അധികാരങ്ങള്‍?
ക്രിമിനല്‍ കേസുകളില്‍ സ്വീകരിക്കപ്പെടുന്ന 1973 കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീഡര്‍ പ്രകാരം ഒരു കേസ് അന്വേഷണത്തിനിടയില്‍ മാത്രമാണ് പൊലീസിന് പരിശോധന നടത്താന്‍ അധികാരമുള്ളത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ കുറ്റകൃത്യം തടയാനുള്ള പരിശോധനകള്‍ നടത്താന്‍ പൊലീസിന് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ കാണുന്നവരെ ഇഷ്ടാനുസരണം തടഞ്ഞ് പരിശോധന നടത്താന്‍ പൊലീസിന് അധികാരമില്ലെന്ന് ക്രിമിനല്‍ അഭിഭാഷകനായ ജവഹര്‍ രാജ പറഞ്ഞു.
”ക്രിമിനല്‍ പ്രൊസീഡര്‍ 91ാം സെക്ഷന്‍ പ്രകാരം പരിശോധന നടത്താന്‍ റിട്ടണ്‍ നോട്ടീസ്, 93 പ്രകാരം സേര്‍ച്ച് വാറന്‍റ് എന്നിവയില്‍ ഏതെങ്കിലും വേണം” ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷക ശ്രേയ മൂണോത്ത് അറിയിച്ചു. ഹൈദരാബാദില്‍ നടന്നത് പോലെയുള്ള സംഭവങ്ങളില്‍ ക്രിമിനല്‍ പ്രൊസീഡര്‍ 165 പ്രകാരം പൊലീസിന് പൊതുഅധികാരമുണ്ടെന്ന് അവര്‍ പറഞ്ഞു. ഈ നിയമപ്രകാരം ഏതെങ്കിലും പൊലീസ് ഓഫിസര്‍ക്ക് കാലതാമസമില്ലാതെ എന്തെങ്കിലും വിവരങ്ങള്‍ കണ്ടെത്തണമെന്നുണ്ടെങ്കില്‍ അക്കാര്യവും എന്തിനുവേണ്ടി അന്വേഷണം നടത്തുന്നുവെന്നും രേഖപ്പെടുത്തിയ ശേഷം പരിശോധന നടത്താം. പൊലീസിന് എന്തെങ്കിലും സംശയം ഉണ്ടെങ്കിലോ അവ ഉടന്‍ കണ്ടെത്തേണ്ടതുണ്ടെങ്കിലോ നോട്ടീസോ വാറന്റോ ഇല്ലാതെ പരിശോധന നടത്താമെന്നും മുണോത്ത് പറഞ്ഞു. എന്നാല്‍ കഞ്ചാവ് ഉപയോഗിക്കുന്നത് പോലെ കുറ്റകൃത്യത്തിന് കൃത്യമായ തെളിവുകള്‍ വേണം, ഹൈദരാബാദിലൂടെ ബൈക്ക് ഓടിക്കുന്നത് ഇത്തരം പരിശോധന നടത്താന്‍ കാരണമാകുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ആളുകളെ തടഞ്ഞു നിര്‍ത്തി മൊഴെബൈല്‍ കാണിക്കാനാവശ്യപ്പെടാന്‍ പൊലീസിന് അധികാരമില്ല. പൗരന്മാരെ കുറ്റവാളികളായി കാണാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
പൊലീസിന് പൗരന്മാരുടെ ഡ്രൈവിങ് ലൈസന്‍സും വാഹനരേഖകളും പരിശോധിക്കാമെന്നും മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് അതിന് അധികാരം നല്‍കുന്നുണ്ടെന്നും ജവഹര്‍ രാജ പറഞ്ഞു. എന്നാല്‍ 1985 ലെ നാര്‍ക്കോട്ടിക് ആക്‌ട് പ്രകാരം ലഹരിവസ്തു കണ്ടെത്താന്‍ പരിശോധന നടത്തുന്നതില്‍ കൃത്യമായ ചിട്ടവട്ടങ്ങളുണ്ടെന്നും ഹൈദരാബാദ് പൊലീസ് നടത്തിയത് പോലെ നിര്‍ബാധം നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 1957 ലെ കോപ്പിറൈറ്റ് ആക്‌ട് പോലെയുള്ള നിയമനിര്‍മാണങ്ങളും പൊതു പരിശോധനങ്ങള്‍ അനുവദിക്കുന്നില്ലെന്നും രാജ വ്യക്തമാക്കി.
പൊലീസ് ചോദിച്ചാല്‍ ഫോണ്‍ കൊടുക്കാതിരിക്കാമോ?
കൃത്യമായ കാരണങ്ങളില്ലാതെ പൊലീസ് ചോദിച്ചാല്‍ പൗരന് ഫോണ്‍ കൊടുക്കാതിരിക്കാം. നിയമപരമായ സംരക്ഷണം ഈ പ്രവൃത്തിക്കുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ള്‍ 20(3) പറയുന്നത്: ഒരു കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തിയും തനിക്കെതിരെ തന്നെ സാക്ഷ്യം പറയാന്‍ നിര്‍ബന്ധിക്കപ്പെടുരുതെന്നാണ്. അതിനാല്‍ നിങ്ങളുടെ രേഖകള്‍ നല്‍കാന്‍ ആര്‍ക്കും നിങ്ങളെതന്നെ നിര്‍ബന്ധിക്കാനാകില്ല. എന്നാല്‍ ഒരു ഓഫീസര്‍ക്ക് നിയമപരമായ വഴിയിലൂടെ നിങ്ങളെയും നിങ്ങളുടെ ഫോണും പരിശോധന നടത്താന്‍ കഴിയും. ”പ്രൊസിഡറുകള്‍ കടലാസിലാണുള്ളതെന്നും നിത്യ ജീവിതത്തില്‍ അവ വ്യത്യസ്തമാണെന്നും അതിനാല്‍ പൊലീസ് നിങ്ങളുടെ ഫോണ്‍ നല്‍കാന്‍ പലവട്ടം ആവശ്യപ്പെട്ടാല്‍ നല്‍കുന്നതാണ് ബുദ്ധിയെന്നുമാണ് ഈ വിഷയത്തില്‍ സംസാരിച്ച അഭിഭാഷകരെല്ലാം പറഞ്ഞത്.
