
കേരളത്തിലെ ഭരണപ്രതിപക്ഷ നേതാക്കള്‍ക്ക് മുല്ലപ്പെരിയാര്‍ എന്ന് ഉച്ചരിക്കാന്‍ കഴിയില്ല – കാരണം ഉച്ചരിച്ചാല്‍ തമിഴ്നാട് അവര്‍ക്ക് നല്കിയ ഉച്ഛിഷ്ടത്തിന്റെ കണക്ക് തമിഴന്മാര് തന്നെ വെളിയില്‍ വിടും. തേനി, മധുര ജില്ലകളില്‍ നമ്മുടെ നേതാക്കന്മാര്ക്കുള്ള ഏക്കര്‍ കണക്കിന് വരുന്ന ഭൂമി, പശ്ചിമഘട്ടത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ബിനാമി പേരുകളിലുള്ള തോട്ടങ്ങള്‍, ഇതോടൊപ്പം കറന്‍സിയും. കേരളത്തിന്റെ അഞ്ച് ജില്ലകള്‍ ഇല്ലാതായാലും 35 ലക്ഷം പേര് ഒഴുകി അറബിക്കടലില്‍ പോയാലും ഇവര്‍ക്കൊന്നും വായ തുറക്കാന്‍ സാധിക്കില്ല. തുറന്നാല്‍ തമിഴന്മാര് കണക്ക് പുസ്തകമെടുക്കും.
കഴിഞ്ഞ ദിവസം തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദൊരൈ മുരുകന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. കൂടെ ഒരു പരിവാരവും ഉണ്ടായിരുന്നു. വിഡ്ഢികളായ നമ്മള് വിചാരിച്ചു മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ നേരില്‍ കാണാനാണ് തമിഴ്നാട് മന്ത്രി വന്നത് എന്ന്. കേരള ജനതക്ക് പ്രതീക്ഷ നല്കുന്ന എന്തെങ്കിലും അദ്ദേഹം പറയുമെന്ന് കരുതി. സുപ്രീം കോടതിയെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലാണ് ദൊരൈ മുരുകന് സംസാരിച്ചത്. ഞങ്ങള്‍ ബേബി ഡാം ശക്തിപ്പെടുത്താന്‍ പോവുകയാണ്. അത് ശക്തിപ്പെടുത്തിയാല്‍ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും. 142 അടിയായി നിജപ്പെടുത്തിയ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പറ്റില്ല എന്നും 136 അടിയായി ജലനിരപ്പ് കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമയത്താണ് ദൊരൈയുടെ ഗര്‍ജനം.
ഇവിടുത്തെ ഏതെങ്കിലും ഭരണാധികാരിയോ പ്രതിപക്ഷ നിരയിലെ നേതാവോ ഇതിനെതിരെ ഒരു വാക്ക് മിണ്ടിയോ? ആരെങ്കിലും ഏതെങ്കിലും പത്രത്തില്‍ വായിച്ചോ? മിണ്ടാന്‍ പറ്റില്ല. കാരണം നമ്മുടെ ബഹുമാന്യ നേതാക്കളുടെ തലകള്‍ തമിഴന്മാരുടെ കക്ഷത്തിലാണ്. കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ട്. പിണറായി വിജയന്. അദ്ദേഹം കേരള ജനതയോട് എന്താണ് പറഞ്ഞത്? മുല്ലപ്പെരിയാര്‍ എന്ന് പറഞ്ഞാല്‍, എഴുതിയാല്‍ നിന്നെയൊക്കെ പിടിച്ച് അകത്തിടും എന്ന്. പിന്നീട് മുല്ലപ്പെരിയാര്‍ കുറച്ചെങ്കിലും ശക്തമായി നിയമസഭയില്‍ ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണ്. അതിനുള്ള മറുപടി പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി രമേശ് ചെന്നിത്തലയെ പരിഹസിക്കുകയായിരുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എയും രമേശിനെ സഹായിച്ചുകണ്ടില്ല. ദൊരൈ മുരുകന് വരുന്നുവെന്നറിഞ്ഞത് മുതല്‍ പല ആശാന്മാരുടേയും മുട്ടിടിക്കാന്‍ തുടങ്ങി.
ഇത്രയും നെറികെട്ട ഇടത്, വലത് പാര്‍ട്ടികളും അതിന്റെ നേതാക്കളും കേരളത്തിന്റെ ദുരന്തമാണ്.
35 ലക്ഷം ജനങ്ങളെ നേര്‍ച്ചക്കോഴികളാക്കി നിര്‍ത്തിയിരിക്കുകയാണ്. കേരളത്തിന്റെ മണ്ണില്‍ നിന്നുകൊണ്ടാണ് ദൊരൈ മുരുകന് പ്രസംഗിച്ചത്. നാണമില്ലേ കേരളത്തിലെ ഭരണ നേതൃത്ത്വത്തിന്. എന്തുകൊണ്ട് പിണറായി വിജയന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നില്ല? എന്തുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിക്കാത്തത് ? എന്തുകൊണ്ടാണ് ദൊരൈ മുരുകന് മറുപടി നല്‍കാത്തത്? കാരണം തമിഴന്റെ കാശ് മേടിച്ച് പോക്കറ്റില്‍ ഇട്ടിരിക്കുകയാണ്. പിണറായി വിജയന്റെ വാക്കുകള്‍ കേട്ടാല്‍ മുല്ലപ്പെരിയാര്‍ ഡാം അദ്ദേഹത്തിന്റെ കൈയ്യില്‍ ഭദ്രമാണെന്ന് തോന്നും. അന്യ സംസ്ഥാനത്തിന്റെ പണം പറ്റി സ്വന്തം ജനതയെ വിറ്റു തിന്നുന്ന കേരളത്തിലെ ഈ രാഷ്ട്രീയ നപുംസകങ്ങളെ നമ്മള് തിരിച്ചറിയണം.
