
ചെന്നൈ: കഴിഞ്ഞദിവസത്തെ പ്രളയദുരിതം ഒഴിയും മുൻപേ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട രണ്ടാം ന്യൂനമർദം ഇന്നു കരതൊടുന്നതിന്റെ ഭീതിയിലാണു തമിഴ്നാട്. ന്യൂനർമർദത്തിന്റെ വരവിനു മുന്നോടിയായി ചെന്നൈയിൽ ഉൾപ്പെടെ ഇന്നലെ ഉച്ച മുതൽ കനത്ത മഴ ആരംഭിച്ചു. ഇന്നു രാവിലെ തമിഴ്നാട്ടിലെ മഹാബലിപുരത്തിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും
ഇടയിൽ കരയിൽ പ്രവേശിക്കുമെന്നാണു മുന്നറിയിപ്പ്.രാജ്യാന്തര സർവീസുകൾ അടക്കം 8 വിമാനങ്ങൾ റദ്ദാക്കി. ഇന്നത്തെ 3 രാജ്യാന്തര വിമാന സർവീസ് റദ്ദാക്കി. ചെന്നൈ അടക്കം 10 ജിലകളിൽ റെഡ് അലർട്ട് (അതി തീവ്ര മഴ മുന്നറിയിപ്പ്) പ്രഖ്യാപിച്ചു.
ഇന്നും വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിനായി 18 യൂണിറ്റ് ദുരന്തനിവാരണ സേന രംഗത്തുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ അപായ സന്ദേശം നൽകാൻ 434 സൈറൺ ടവറുകൾ സ്ഥാപിച്ചു. മൊബൈൽ ഫോൺ സിഗ്നൽ ഉറപ്പാക്കാൻ വാഹനങ്ങളിൽ 50 ഫോൺ ടവറുകളും തയാറാക്കി. കഴിഞ്ഞദിവസത്തെ മഴക്കെടുതിയിൽ മരണം 12 ആയി. മുന്നൂറോളം വീടുകൾ തകർന്നിട്ടുണ്ട്. കൃഷിനാശവും രൂക്ഷമാണ്. തേനി വൈഗ അണക്കെട്ട് തുറന്നു. പുതുച്ചേരിയിലും കാരയ്ക്കലിലും കനത്ത മഴയണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്.