
ചെന്നൈ : കോയമ്ബത്തൂരില്‍ ഒളിവിലായിരിക്കെ ഹൃദയസ്തംഭനത്തെ തുടര്‍ന്നു മരിച്ചത് ശ്രീലങ്കന്‍ അധോലോക കുറ്റവാളി അംഗോഡ ലൊക്ക തന്നെയെന്ന് ഡിഎന്‍എ ഫലം. പ്രദീപ് സിങ് എന്ന വ്യാജപേരില്‍ നഗരത്തിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അംഗോഡ ലൊക്കെ 2020 ജൂലൈ 3നാണു മരിച്ചത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മധുരയില്‍ സംസ്‌കരിച്ചിരുന്നു. അംഗോഡയുടെ അടുത്ത അനുയായിയും കൊളംബോ സ്വദേശിയുമായ ചാനുക തനനായക് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബാനസവാടിയില്‍ അറസ്റ്റിലായിരുന്നു.
കര്‍ണാടക സൈബര്‍ പൊലീസ് സെല്ലിന്റെ സഹായത്തോടെ കോയമ്ബത്തൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് അഭയം നല്‍കിയ ശ്രീവില്ലുപൂത്തൂര്‍ സ്വദേശിയായ ടി.ഗോപാലകൃഷ്ണനും പിടിയിലായിരുന്നു. മരിച്ചത് അംഗോഡ തന്നെയാണോ എന്ന സംശയം ഉയര്‍ന്നതോടെ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് ഇയാളുടെ അമ്മയില്‍നിന്നു ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ച് ചെന്നൈയിലെ ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു. ഫലം വന്നതോടെ മരിച്ചത് അംഗോഡ തന്നെയെന്ന് ഉറപ്പായി. ഇതോടെ ഇയാള്‍ക്കെതിരെയുള്ള എല്ലാ കേസുകളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് കോടതിയെ സമീപിക്കും. ഇയാളുടെ ശ്രീലങ്കയിലുള്ള സ്വത്തു കണ്ടുകെട്ടാനുള്ള നടപടി ശ്രീലങ്കന്‍ പൊലീസും തുടങ്ങി.
