Home Featured കൂട്ടുകാരോട് മത്സരിച്ച്‌ അമിതമായി ഗുളിക കഴിച്ചു; ചെന്നൈയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൂട്ടുകാരോട് മത്സരിച്ച്‌ അമിതമായി ഗുളിക കഴിച്ചു; ചെന്നൈയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

by jameema shabeer

കോയമ്ബത്തൂര്‍: വിറ്റാമിന്‍ ഗുളിക അമിതമായി കഴിച്ച ആറു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ചികിത്സയ്ക്കിടെ മരിച്ചു. ഊട്ടി കാന്തല്‍ നഗരസഭ മുസ്ലിം സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി സൈബ ഫാത്തിമയാണ് (13) മരിച്ചത്.

വിദഗ്ധചികിത്സയ്ക്കായി കോയമ്ബത്തൂരില്‍നിന്ന് ചെന്നൈയിലേക്ക് പോകുംവഴി സേലത്തുവച്ചാണ് മരണം. ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂളില്‍ അഞ്ച് സഹപാഠികളും സൈബയും ചേര്‍ന്ന് 20 മുതല്‍ 30 വിറ്റാമിന്‍ ഗുളികകള്‍വരെ കഴിച്ചിരുന്നു. വൈകീട്ട് അവശരായ കുട്ടികളില്‍ രണ്ടുപേരെ ഊട്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും മറ്റുള്ള നാലുപേരെ കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു.

ചികിത്സ തുടരുന്നതിനിടെ സൈബയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന്, വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പ്രത്യേക ആംബുലന്‍സില്‍ കോയമ്ബത്തൂരില്‍നിന്ന് ചെന്നൈയിലെ രാജീവ്ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. രാത്രി എട്ടുമണിയോടെ സേലത്ത് എത്തിയപ്പോള്‍ ശ്വാസം കിട്ടാത്തതിനെത്തുടര്‍ന്ന് സേലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മറ്റൊരു കുട്ടിയും തീവ്രചികിത്സാവിഭാഗത്തില്‍ തുടരുകയാണ്. മറ്റുള്ള കുട്ടികള്‍ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്. ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ മുഹമ്മദ് അമീന്‍, അദ്ധ്യാപിക കലൈവാണി എന്നിവരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡുചെയ്തു.

വിറ്റാമിന്‍ ഗുളികകള്‍ സ്വയം വാങ്ങി കഴിക്കുന്നത് പലപ്പോഴും ദോഷകരമാണ്. ബികോംപ്ലക്സ് ഗുളികകള്‍ ആവശ്യത്തിലേറെ കഴിക്കുകയാണെങ്കില്‍ മൂത്രത്തിലൂടെ വിസര്‍ജിച്ചുപോവുകയേയുള്ളൂ. മറ്റു ചില ജീവകങ്ങളാകട്ടെ, അമിതമായാല്‍ ശരീരത്തില്‍ സംഭരിച്ച്‌ പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്നുവരും.

ജീവകം എ അമിതമായാല്‍ തലവേദന, ഓക്കാനം, ഛര്‍ദ്ദില്‍ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. മുടി കൊഴിച്ചില്‍, ചര്‍മം വരണ്ടുണങ്ങല്‍, ചര്‍മത്തിലെ കട്ടികൂടുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും. പ്രായമേറിയവരില്‍ ചെറിയ പരുക്കിനെതുടര്‍ന്നുപോലും അസ്ഥികള്‍ക്ക് പൊട്ടലുണ്ടാകാനിടയുണ്ട്.

വിറ്റാമിന്‍ സിയുടെ അളവ് അധികമായാല്‍ രക്തത്തിലെ കാത്സ്യത്തിന്റെ അളവ് വര്‍ധിക്കും. ഇത് പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കാം. വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദില്‍, അമിത ദാഹം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകാം. വൃക്കകളില്‍ കല്ലുണ്ടാകാനും തുടര്‍ന്ന് വൃക്കസ്തംഭനത്തിനും സാധ്യതയുണ്ട്.

ജീവകം ഇ ഗുളികകള്‍ പലരും സ്വയം വാങ്ങി ഉപയോഗിക്കാറുണ്ട്. കൈകാല്‍ വേദനയ്ക്കും ക്ഷീണം മാറാനുമൊക്കെയാണ് വിറ്റാമിന്‍ ഇ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പേശികളുടെ ബലക്ഷയം, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. വിറ്റാമിന്‍ ഇയുടെ അളവ് ക്രമാതീതമായാല്‍ ഗുരുതരമായ രക്തസ്രാവത്തിനും സാധ്യതയുണ്ട്.

ബി.കോംപ്ലക്സ് വിഭാഗത്തില്‍പെട്ട ജീവകം ബി 6 ആര്‍ത്തവാരംഭത്തിലുള്ള വിവിധ തരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കാനായി ദീര്‍ഘനാള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ ദീര്‍ഘനാള്‍ ഉപയോഗിക്കുന്നതിനെതുടര്‍ന്ന് നാഡീഞരമ്ബുകള്‍ക്ക് പ്രവര്‍ത്തനത്തകരാറുണ്ടാക്കാം. കൈകാല്‍ മരവിച്ച്‌, നടക്കുമ്ബോള്‍ ബാലന്‍സ് നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.

വിറ്റാമിന്‍ ഗുളികകള്‍ പലതും വിലയേറിയവയാണ്. പ്രായപൂര്‍ത്തിയായ, മറ്റ് ശാരീരിക പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തിക്ക് പോഷകസമ്ബുഷ്ടവും സമീകൃതവുമായ ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ ജീവകങ്ങള്‍ ലഭിക്കും. പ്രത്യേകിച്ച്‌ വിറ്റാമിന്‍ മരുന്നുകള്‍ കഴിക്കേണ്ട ആവശ്യമില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഇവ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

You may also like

error: Content is protected !!
Join Our Whatsapp