മധുര: തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിനു മധുരയില്‍ ആവേശോജ്വല തുടക്കം. തൈപ്പൊങ്കല്‍ ദിനമായ ഇന്നലെ മധുര ജില്ലയിലെ പ്രശസ്തമായ അവനിയാപുരത്തു നടന്ന ജല്ലിക്കെട്ട് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. രാവിലെ 7.30ന് ആരംഭിച്ച ജല്ലിക്കെട്ട് വൈകിട്ട് അഞ്ചോടെയാണ് അവസാനിച്ചത്. ജല്ലിക്കെട്ടിനൊരുങ്ങി എത്തിയ കൂറ്റന്‍ കാളകളെ മനക്കരുത്തിന്റെ തേരിലേറി വീരന്മാര് വെല്ലുവിളിച്ചപ്പോള്‍ വിജയം കൂടുതലും മൃഗങ്ങള്‍ക്കൊപ്പവും ചിലപ്പോള്‍ മനുഷ്യര്‍ക്കൊപ്പവും നിന്നു.
മൂന്നുനിര ബാരിക്കേഡ് ഒരുക്കിയാണു കാണികള്‍ക്കായി ഗാലറി ഒരുക്കിയത്. വിവിധ മൃഗസംരക്ഷണ സംഘടനകള്‍ ജല്ലിക്കെട്ടിനെതിരെ സുപ്രീം കോടതിയില്‍ കൊടുത്ത കേസുകളില്‍ അനുകൂലവിധി നേടിയ ശേഷമുള്ള ആദ്യ ജല്ലിക്കെട്ടാണ് ഇന്നലെ അവനിയാപുരത്തു നടന്നത്. 11 റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ 737 കാളകള്‍ വടിവാസല്‍ (കളത്തിലേക്കിറങ്ങുന്ന ഇടനാഴി) കടന്നു പോര്‍ക്കളത്തിലെത്തി.
300 പേര് രജിസ്റ്റര്‍ ചെയ്തെങ്കിലും 280 പേരാണു മത്സരത്തിലെത്തിയത്. മത്സരപ്പോരില്‍ കാളകളാണ് ജയിച്ചതില്‍ കൂടുതലെങ്കിലും 28 കാളകളെ പിടിച്ചടക്കിയ ജയ്ഹിന്ദ്പുരം സ്വദേശി വിജയ് ഒന്നാം സമ്മാനമായ കാര്‍ ഏറ്റുവാങ്ങി. 17 കാളകളെ അടക്കിയ അവനിയാപുരം സ്വദേശി കാര്‍ത്തിക്കു സമ്മാനമായി ബൈക്ക് ലഭിച്ചു.
കാളകളെ പിടിച്ചടക്കിയ വീരന്മാര്ക്കു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെയും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്വര്‍ണനാണയങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജല്ലിക്കെട്ടിനിടെ 58 പേര്‍ക്കു പരുക്കേറ്റെങ്കിലും ആരുടെയും പരുക്കു സാരമുള്ളതല്ല. പരുക്കേറ്റവരില്‍ 23 പേര് മത്സരത്തില്‍ പങ്കെടുത്തവരും 8 പേര് കാഴ്ചക്കാരുമാണ്.
ഇന്ന് പാലമേട്ട് ജെല്ലിക്കെട്ട്
മധുരയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെത്തുന്ന പാലമേട് ജല്ലിക്കെട്ടിന് ഇന്നു രാവിലെ 7നു തുടക്കമാകും. നീളമേറിയ ഗാലറിയുള്ളതിനാല് കൂടുതല്‍ പേര്‍ക്കു ജല്ലിക്കെട്ട് സുഗമമായി കാണാന്‍ കഴിയും. നാളെ അളങ്കാനല്ലൂരിലും ജല്ലിക്കെട്ട് നടക്കും.