ചെന്നൈ • ദിനവും വീട്ടിലെത്തുന്ന ആവിൻ പാൽ ഇനി സിനിമാക്കഥയും പറയും. ആവിൻ പാൽക്കവറുകളിൽ സിനിമാ പരസ്യങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി ക്ഷീരമന്ത്രി എസ്.എം.നാസർ പറഞ്ഞു.
ചെസ് ഒളിംപ്യാഡിനോട് അനുബന്ധിച്ചു ആവിൻ പാൽക്കവറുകളിൽ ഒളിംപ്യാഡ് ഭാഗ്യചിഹ്നമായ തമ്പിയെ ഉൾപ്പെടെ അവതരിപ്പിച്ചിരുന്നു. ഈ നീക്കം വിജയിച്ചതോടെയാണു വരുമാന വർധന കൂടി ലക്ഷ്യമിട്ട് സിനിമാ പരസ്യം പാൽക്കവറുകളിൽ ഉൾപ്പെടുത്തുന്നത്.
ഇതിനൊപ്പം കുപ്പിവെള്ള ഉൽപാദന രംഗത്തേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ആവിൻ.
ക്യൂവില്ല; ക്യൂആർ കോഡ് മാത്രം
ചെന്നൈ:ക്യുആർ കോഡ് സ്കാൻ ചെയ്ത് മെട്രോയിൽ യാത്ര ചെയ്യാനുള്ള സംവിധാനത്തിനു ചെന്നൈ മെട്രോ തുടക്കമിട്ടു. ടിക്കറ്റെടുക്കാൻ ഇനി അതതു മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും. ഇതുവഴി യാത്രക്കാർക്ക് ചെന്നൈ മെട്രോ റെയിൽ ടിക്കറ്റിങ് പേജിലേക്ക് പോകാം.
ഈ പേജിൽ, യാത്രക്കാർക്ക് അവർ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മെട്രോ സ്റ്റേഷനും പണം അടയ്ക്കുന്ന രീതിയും തിരഞ്ഞടുക്കാം.യുപിഐ, ഇന്റർനെറ്റ് ബാങ്കിങ്, ക്രഡിറ്റ്, സേവിഗ്സ് ബാങ്ക് തുടങ്ങി എല്ലാ ഇലക്ട്രോണിക് ഇടപാടുകളിലൂടെയും പണം അടയ്ക്കാം.
ടിക്കറ്റുകൾ മൊബൈലിലേക്ക് ഡൗൺലോഡാകും. മൊബൈൽ ക്യുആർ ടിക്കറ്റെടുക്കുന്നവർക്കു യാത്രാനിരക്കിൽ 20% കിഴിവുമുണ്ട്.കോയമ്പേട് സ്റ്റേഷനിൽ ചെന്നൈ മെട്രോ എംഡി എം.എ. സിദ്ദിഖ് ക്യുആർ കോഡ് സംവിധാനം പുറത്തിറക്കി.