മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു സ്റ്റിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘ശത്രുക്കളെ വേട്ടയാടാൻ ക്രിസ്റ്റഫർ ഉടൻ വരുന്നു’ എന്ന് കുറിച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ സ്റ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒപ്പം നിറഞ്ഞ് ചിരിച്ച് നിൽക്കുന്ന മമ്മൂട്ടിയേയും ഫോട്ടോയിൽ കാണാൻ സാധിക്കും. ചിത്രത്തിന്റേതായി പുറത്തുവരുന്ന മൂന്നാമത്തെ സ്റ്റില്ല് കൂടിയാണ് ഇത്.
‘ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോൾ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിൽ തമിഴ് ഗ്രാമീണതയിലേക്ക് എത്തിയ മമ്മൂട്ടി എത്തിയ ചിത്രം ഐഎഫ്എഫ്കെയിൽ ആയിരുന്നു പ്രദർശിപ്പിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം തിയറ്ററുകളിൽ ഉടൻ പ്രദർശനത്തിനെത്തും.