ചെന്നൈ: രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്ന നടൻ വിജയുടെ ആദ്യലക്ഷ്യം പുതുച്ചേരിയെന്ന് സൂചന. ആരാധക സംഘടന അംഗങ്ങളെ തദ്ദേശ തിരഞ്ഞെടുപ്പിൽ അണിനിരത്തിയാണ് അദ്ദേഹം ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞദിവസം പുതുച്ചേരി മുഖ്യമന്ത്രിയും എൻ.ആർ.കോൺഗ്രസ് നേതാവുമായ എൻ.രംഗസാമി വിജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദ സന്ദർശനമെന്നാണ് ഇരുകൂട്ടരും പറയുന്നതെങ്കിലും രാഷ്ട്രീയ ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ. ചെറിയ സംസ്ഥാനം എന്നനിലയിൽ തമിഴ്നാടിനെക്കാൾ വേഗത്തിൽ സ്വാധീനമുറപ്പിക്കാൻ കഴിയുമെന്നതാണ് പുതുച്ചേരിയെ നോട്ടമിടാൻ വിജയ് യെ പ്രേരിപ്പിക്കുന്നത്. അധികാരത്തിലെത്തിയെങ്കിലും ബിജെപിയുമായുള്ള കൂട്ടുകെട്ടിൽ പൂർണ തൃപ്തനല്ലാത്ത രംഗസാമി പുതുച്ചേരിയിൽ വ്യാപകമായി ആരാധകരുള്ള വിജയുമായി കൈകോർക്കുന്നതിന് മടിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.