ചെന്നൈ: തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് അജിത് കുമാര്‍. വെള്ളിത്തിരയില്‍ മാത്രമല്ല, ജീവിതത്തിലും താൻ ഹീറോയാണെന്ന് പലതവണ തെളിയിച്ചിട്ടുണ്ട് അജിത്.
പ്രളയത്തിലകപ്പെട്ട് ചെന്നൈയില്‍ കുടുങ്ങിയ ഹിന്ദി സൂപ്പര്‍ താരം ആമിര്‍ ഖാനും തമിഴ് യുവനടൻ വിഷ്ണു വിശാലിനും രക്ഷകനായി അജിത് എത്തിയ വിശേഷമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സിനിമ പ്രേമികള്‍ക്കിടയിലെ ചര്‍ച്ച.
പ്രളയം ചെന്നൈയെ വിഴുങ്ങിക്കൊണ്ടിരിക്കുമ്ബോള്‍ കാരപ്പാക്കത്തായിരുന്നു ആമിറും വിഷ്ണു വിശാലും. മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ആമിര്‍ ഖാൻ ചെന്നൈയിലെത്തിയത്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ ഇരുവരും കുടുംബാംഗങ്ങളും താമസസ്ഥലത്ത് കുടുങ്ങി. ഇവരെയും താമസിക്കുന്ന പ്രദേശത്തെ മറ്റുള്ളവരെയും അഗിരക്ഷ സേന താല്‍ക്കാലിക ബോട്ടുകളിലെത്തിയാണ് രക്ഷിച്ചത്.
തുടര്‍ന്നായിരുന്നു അജിത്തിന്റെ രംഗപ്രവേശം. സുഹൃത്തുക്കളായ നടന്മാര്‍ കുടുങ്ങിയതറിഞ്ഞ അജിത്ത് അവരെ സന്ദര്‍ശിക്കുകയും ഇരുവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമല്ല, ആ പ്രദേശത്ത് താമസിച്ച മുപ്പതോളം പേര്‍ക്കും സുരക്ഷിത യാത്ര സൗകര്യമൊരുക്കുകയും ചെയ്തു. വിഷ്ണു വിശാല്‍ മൂവരും ഒന്നിച്ചുള്ള ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെക്കുകയും അജിത്തിന് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
‘ഒരു സുഹൃത്ത് വഴി ഞങ്ങളുടെ സാഹചര്യം അറിഞ്ഞ ശേഷം, എപ്പോഴും സഹായ സന്നദ്ധനായ അജിത് സാര്‍ ഞങ്ങളെ കാണാനെത്തി. ഞങ്ങളുടെ വില്ല കമ്യൂണിറ്റി അംഗങ്ങള്‍ക്ക് യാത്രാ സൗകര്യമൊരുക്കി… ലവ് യു അജിത് സര്‍’ -എന്ന കുറിപ്പോടെയായിരുന്നു വിഷ്ണു വിശാലിന്റെ പോസ്റ്റ്.
ചൊവ്വാഴ്ച ജലനിരപ്പ് ഉയര്‍ന്നതോടെ സഹായം അഭ്യര്‍ഥിച്ച് വിഷ്ണു വിശാല്‍ എത്തിയിരുന്നു. ‘വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കാരപ്പാക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിന്റെ ടെറസിന് മുകളില്‍ മാത്രമാണ് സിഗ്നല്‍ ലഭിക്കുന്നത്. ഞാനുള്‍പ്പടെയുള്ളവര്‍ക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അവസരത്തില്‍ ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോകുകയാണ്’- എന്നായിരുന്നു വിഷ്ണു വിശാല്‍ എക്സില്‍ കുറിച്ചത്.
തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. ആമിറിനൊപ്പം ബോട്ടില്‍ സുരക്ഷിത സ്ഥലത്തേക്ക് പോകുന്നതിന്റെ ചിത്രം വിഷ്ണു വിശാല്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഒപ്പം റെസ്ക്യൂ വിഭാഗത്തിനും സര്‍ക്കാറിനും നന്ദി അറിയിക്കുകയും ചെയ്തു. ‘ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയര്‍ ആൻഡ് റെസ്ക്യൂ ഡിപ്പാര്‍ട്ട്മെന്റിന് നന്ദി. കാരപ്പാക്കത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇതിനകം മൂന്ന് ബോട്ടുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത്തരം ഘട്ടത്തിലുള്ള തമിഴ്നാട് സര്‍ക്കാരിന്റ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ഈ അവസരത്തില്‍ ഉറച്ച തീരുമാനത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ ഭരണാധികാരികള്‍ക്കും നന്ദി’-വിഷ്ണു വിശാല്‍ ചിത്രത്തിനൊപ്പം കുറിച്ചു.