ചെന്നൈ • ബിജെപി കഠിനാധ്വാനം ചെയ്താൽ 5 വർഷത്തിനുള്ളിൽ തമിഴ്നാട്ടിൽ ഭരണം പിടിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്നാട്ടിൽ ഒരു രാഷ്ട്രീയ നേതാവിന്റെ ശൂന്യതയുണ്ടെന്നും അത് നികത്തേണ്ടതു ബിജെപിയാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.പാർലമെന്റ് തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ചു ബിജെപി സംസ്ഥാന ആസ്ഥാനത്തു നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താഴെത്തട്ടിലുള്ള അംഗസംഖ്യ വർധിപ്പിക്കാൻ ബിജെപി പ്രവർത്തിക്കണമെന്നും തമിഴ്നാട്ടിൽ ബിജെപി മികച്ച വളർച്ച നേടിയെന്നും അമിത്ഷാ പറഞ്ഞു. ബിജെപി പ്രവർത്തകർക്കെതിരെ തമിഴ്നാട് സർക്കാർ കള്ളക്കേസുകൾ ചുമത്തിയെന്നും ഡിഎംകെയുടെ അതിക്രമങ്ങൾക്ക് തമിഴ്നാട് പൊലീസ് ഒത്താശ ചെയ്യുകയാണെന്നുമുള്ള പരാതികൾ ബിജെപി സംസ്ഥാന ഭാരവാഹികൾ അമിത് ഷായ്ക്ക് കൈമാറി. യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ, കേന്ദ്ര സഹമന്ത്രി എൽ.മുരുകൻ, പൊൻ രാധാകൃഷ്ണൻ തുടങ്ങി 84 സംസ്ഥാന പ്രതിനിധികൾ പങ്കെടുത്തു.