ചെന്നൈ: തമിഴ്‌നാട്ടില്‍ 76 എൻജിനിയറിങ് കോളേജുകള്‍ക്ക് 2024-‘2025 അധ്യയനവർഷം വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് അണ്ണാ സർവകലാശാല നിയന്ത്രണമേർപ്പെടുത്തി. 11 കോളേജുകള്‍ പൂട്ടിയേക്കും. ഇവിടെ പഠിക്കുന്ന വിദ്യാർഥികളെ മറ്റുകോളേജുകളിലേക്കു മാറ്റാൻ നിർദേശം നല്‍കും.ആവശ്യത്തിന് വിദ്യാർഥികളില്ലാത്തതിനെത്തുടർന്നാണ് നടപടി .
76 കോളേജുകളില്‍ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം വേണമെന്നാണ് അണ്ണാ സർവകലാശാലയുടെ ഉത്തരവ്. ആവശ്യത്തിന് വിദ്യാർഥികളില്ലെങ്കില്‍ അംഗീകാരം നഷ്ടപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നിർദേശം. നിയന്ത്രണമേർപ്പെടുത്തുന്നതിനുമുമ്ബ് സർവകലാശാല അധികൃതർ വരുന്ന ആഴ്ചകളില്‍ ഒരിക്കല്‍ക്കൂടി കോളേജുകളുടെ പ്രകടനം വിലയിരുത്തും.
കഴിഞ്ഞ അധ്യയനവർഷം 41 എൻജിനിയറിങ് കോളേജുകളില്‍ വിദ്യാർഥിപ്രവേശനം പത്തുശതമാനത്തില്‍ത്താഴെ മാത്രമായിരുന്നു.പത്തുശതമാനത്തില്‍ താഴെയുള്ള കോളേജുകള്‍ പൂട്ടാൻ വൈസ് ചാൻസലർ നിർദേശിച്ചിരുന്നെങ്കിലും സിൻഡിക്കേറ്റ് അഞ്ചുശതമാനത്തില്‍ത്താഴെ പ്രവേശനമുള്ള കോളേജുകള്‍ക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു. നിലവില്‍ പൂട്ടലിന്റെ വക്കിലെത്തിയ 11 കോളേജുകള്‍ കഴിഞ്ഞ നാലുവർഷമായി അഞ്ചുശതമാനത്തില്‍ത്താഴെ മാത്രമേ പ്രവേശനം നടത്തിയിട്ടുള്ളൂവെന്ന് അണ്ണാ സർവകലാശാല വൈസ് ചാൻസലർ ആർ. വേല്‍രാജ് പറഞ്ഞു.
എങ്കിലും ഈ വർഷം ജൂലായ് വരെ അവസ്ഥകള്‍ വിലയിരുത്തും. അവർ വിദ്യാർഥിപ്രവേശനനിരക്ക് കൂട്ടിയില്ലെങ്കില്‍ ജൂലായില്‍ അഫിലിയേഷൻ എടുത്തുകളയുമെന്നും വൈസ് ചാൻസലർ പറഞ്ഞു. മികച്ചപ്രകടനം കാഴ്ചവെക്കുന്ന എൻജിനിയറിങ് കോളേജുകള്‍ക്ക് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോർ ടെക്നിക്കല്‍ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.) യാതൊരു ഉപാധികളുമില്ലാതെ വിദ്യാർഥികളുടെ പ്രവേശനം വർധിപ്പിക്കാൻ അനുമതി നല്‍കുന്നുണ്ട്.