ഒല ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിവിധ കാരണങ്ങളാല്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ ഇലക്‌ട്രിക്ക് വാഹന മേഖലയില്‍ വിപ്ലവം തീര്‍ക്കുന്ന ഒല എസ്1, എസ്1 പ്രോ ഇലക്‌ട്രിക് സ്‍കൂട്ടറുകളുടെ അപദാനങ്ങലാണ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ വിവിധ ഒല ഉടമകളുടെ സങ്കടകഥകളാണ് വൈറലാകുന്നത്.ഒലയുടെ ഉപഭോക്തൃ പിന്തുണാ സേവനങ്ങളെക്കുറിച്ച് പരാതിപ്പെടുന്ന ഉപഭോക്താക്കളുടെ നിരവധി വീഡിയോകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒല സ്‌കൂട്ടര്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിന്റെ വീഡിയോകള്‍ കൂടാതെ, റോഡ് സൈഡ് അസിസ്റ്റന്‍സിനായി ഒല ഏറെ നേരം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒരു ഉടമ തന്റെ സ്‌കൂട്ടര്‍ കത്തിച്ചതിന്റെ വീഡിയോയും ഇക്കൂട്ടത്തില്‍പ്പെടും. ചാര്‍ജ് തീര്‍ന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോകുന്ന ഒരു ഒല എസ്1 പ്രോ ഇലക്‌ട്രിക് സ്‍കൂട്ടറിന്റെ വീഡിയോ ആണ് ഇക്കൂട്ടത്തില്‍ പുതിയത് എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട ചെയ്യുന്നു.
അക്ഷയ് ആനന്ദ് എന്ന വ്ലോഗറാണ് തന്‍റെ യൂട്യൂബ് ചാനലില്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്‍തിരിക്കുന്നത്. ഈ വീഡിയോയില്‍, വ്ലോഗര്‍ തന്റെ ഒല എസ്1 പ്രോ ഇലക്‌ട്രിക് സ്‍കൂട്ടറുമായി യാത്ര നടത്തിയ അനുഭവമാണ് പറയുന്നത്. ഒരു രാത്രി മുഴുവന്‍ അദ്ദേഹം സ്‌കൂട്ടര്‍ ചാര്‍ജ്ജ് ചെയ്‌തിരുന്നു. എന്നിട്ടും സ്‌കൂട്ടര്‍ 98 ശതമാനം ചാര്‍ജും 133 കിലോമീറ്റര്‍ റേഞ്ചും മാത്രമേ കാണിച്ചിരുന്നുള്ളൂ. വ്ലോഗര്‍ തന്‍റെ സ്ഥലത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്തേക്ക് ചില ജോലികള്‍ക്കായി യാത്ര ചെയ്യുകയായിരുന്നു. ആദ്യം വാഹനം നോര്‍മല്‍ മോഡില്‍ ഓടിക്കാന്‍ തുടങ്ങി. ഈ മോഡില്‍ നഗരത്തിനുള്ളില്‍ സവാരി ചെയ്‍തു. നഗരത്തിനു പുറത്തുകടന്ന ശേഷം, സ്പോര്‍ട്ട് മോഡിലേക്കും പിന്നീട് ഹൈപ്പര്‍ മോഡിലേക്കും മാറി.നമുക്ക് അറിയാവുന്നതുപോലെ, ഇലകട്രിക്ക് സ്‍കൂട്ടറിന്റെ റേഞ്ച് അത് ഏത് മോഡില്‍ ഓടിക്കുന്നു എന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ഹൈപ്പര്‍ മോഡിലും സ്‌പോര്‍ട്ടിലും ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി ഉപഭോഗം വളരെ കൂടുതലാണ്. കാരണം ഇവ പ്രകടനത്തിന് വേണ്ടിയുള്ളതാണ്. വ്ലോഗര്‍ തന്റെ സവാരി ആസ്വദിച്ചുകൊണ്ടിരുന്നു. താമസിയാതെ ലക്ഷ്യസ്ഥാനത്ത് എത്തി. ചില റോഡുകളില്‍ സ്‍കൂട്ടര്‍ 100 കിലോമീറ്ററിലധികം വേഗത്തിലാക്കി. മികച്ച പ്രകടനം കാഴ്‍ചവച്ചു. യാത്രയില്‍ ഉടനീളം ഈ രണ്ട് മോഡുകള്‍ക്കിടയില്‍ നിരന്തരം മാറിക്കൊണ്ടിരുന്നതായും വ്ലോഗര്‍ പറയുന്നു.
ലക്ഷ്യസ്ഥാനത്ത് എത്തി തിരിച്ച് വീട്ടിലേക്കുള്ള യാത്ര തുടങ്ങാനിരിക്കെയാണ് സ്‍കൂട്ടര്‍ 47 കിലോമീറ്റര്‍ മാത്രം ഡ്രൈവിംഗ് റേഞ്ച് കാണിക്കുന്നത് വ്ലോഗര്‍ ശ്രദ്ധിക്കുന്നത്. രസകരമെന്നു പറയട്ടെ, വ്‌ലോഗറിന്റെ വീടും ഏകദേശം 47 കിലോമീറ്ററായിരുന്നു. അതുകൊണ്ട് സ്‌കൂട്ടറില്‍ വ്ലോഗര്‍ യാത്ര തുടര്‍ന്നു. ഇതിനിടെ സ്‌കൂട്ടര്‍ ഓട്ടോമാറ്റിക്കായി സാധാരണ മോഡിലേക്ക് മാറി. ബാറ്ററി പവര്‍ കുറവായതിനാല്‍ സ്‌പോര്‍ട്ട് മോഡ് ഓഫായി. ഹൈപ്പര്‍ മോഡിലേക്ക് തിരികെ പോകുന്നില്ല. കുറച്ചു നേരം സ്‍കൂട്ടര്‍ ഓടിയതോടെ ബാറ്ററി കാലിയാകുകയും പിന്നാലെ പാര്‍ക്ക് മോഡിലേക്ക് പോകുകയും വ്ലോഗര്‍ പെരുവഴിയിലാകുകയും ചെയ്‍തു.തുടര്‍ന്ന് അദ്ദേഹം ഓല സ്‍കൂട്ടര്‍ ഉടമകള്‍ക്ക് നല്‍കിയ കസ്റ്റമര്‍ കെയര്‍ നമ്ബറില്‍ ബന്ധപ്പെടുകയും ഏകദേശം അരമണിക്കൂറോളം കോളുമായി മുന്നോട്ട് പോവുകയും ചെയ്‍തു. ഒരു ടോ ട്രക്ക് സംഭവസ്ഥലത്ത് വന്ന് സ്‍കൂട്ടര്‍ എടുത്ത് ഉടമയുടെ വീട്ടില്‍ തിരികെ എത്തിക്കുമെന്ന് ഓല പറഞ്ഞു. എന്നാല്‍ വ്ലോഗര്‍ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതോടെ ഒരു ഓട്ടോ വിളിച്ച് വ്ലോഗര്‍ സ്‍കൂട്ടര്‍ പാടുപെട്ട് അതില്‍ക്കയറ്റി യാത്ര തുടര്‍ന്നു.
ഓട്ടോയില്‍ കയറ്റുന്നതിനിടെ സ്‍കൂട്ടര്‍ ഉരസുകയും സൈഡ് പാനലില്‍ ചില പോറലുകള്‍ ഉണ്ടാകുകയും ചെയ്‍തതായും ഉടമ പറയുന്നു. സ്‌കൂട്ടര്‍ ഓട്ടോറിക്ഷയില്‍ കയറ്റി യാത്ര ആരംഭിച്ചപ്പോള്‍, ഓല ബന്ധപ്പെട്ടതായും കമ്ബനിയുടെ വാഹനം ഒന്നര മണിക്കൂറിനുള്ളില്‍ എത്തുമെന്ന് പറഞ്ഞതായും ഉടമ പറയുന്നു. അതായത്, അതിനായി കാത്തിരുന്നിരുന്നെങ്കില്‍, ഏകദേശം മൂന്നുനാല് മണിക്കൂര്‍ പെരുവഴിയില്‍ താന്‍ പാഴാക്കുമായിരുന്നു എന്നും ഉടമ അതൃപ്‍തനാകുന്നു.