ചെന്നൈ ∙ റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് ജന്മദിനാഘോഷം നടത്തിയതിനെ ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ യുവാക്കൾ ആയുധങ്ങൾ ഉപയോഗിച്ചു കൊലപ്പെടുത്തി. അമ്പത്തൂരിൽ നടന്ന സംഭവത്തിൽ പ്രദേശവാസിയായ കാമേഷ് (25) ആണു കൊല്ലപ്പെട്ടത്. കാമേഷും സഹോദരൻ സതീഷും ഓട്ടോയിൽ സംഭവ സ്ഥലത്ത് എത്തിയപ്പോൾ ഗൗതം എന്ന യുവാവ് സുഹൃത്തുക്കളോടൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയായിരുന്നു. ഓട്ടോയിൽ നിന്നിറങ്ങിയ കാമേഷ് റോഡിൽ നിന്നു മാറാൻ സംഘത്തോട് ആവശ്യപ്പെട്ടു.
എന്നാൽ പറ്റില്ലെന്നും മറ്റൊരു വഴിയിൽ കൂടി പോകാനും സംഘം മറുപടി നൽകിയതോടെ ഇരു വിഭാഗവും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ഗൗതമും കൂട്ടരും ആയുധങ്ങൾ കൊണ്ട് കാമേഷിനെയും സതീഷിനെയും ആക്രമിക്കുകയുമായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഇരുവരെയും പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാമേഷിനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ സതീഷ് നിരീക്ഷണത്തിലാണുള്ളത്. സംഭവത്തിനു ശേഷം കടന്ന ഗൗതം അടക്കം 10 പേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.