ചെന്നൈ ∙ തർക്കത്തിനിടെ യാത്രക്കാരന്റെ കൈവിരൽ കടിച്ചു മുറിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാൺമിയൂർ റൂട്ടിൽ ഷെയർ ഓട്ടോ സർവീസ് നടത്തുന്ന സന്താനമാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി സന്താനത്തിന്റെ ഓട്ടോയിൽ യാത്ര ചെയ്ത കേട്ടുവങ്കേണി സ്വദേശി രാമുവിന്റെ ചെറുവിരലാണ് കടിച്ചെടുത്തത്. യാത്രയ്ക്കിടെ രാമു കാലുകൾ ഉയർത്തി ഡ്രൈവറുടെ സീറ്റിനു പിന്നിൽ വച്ചതാണ് സന്താനത്തെ പ്രകോപിപ്പിച്ചത്. രാമുവിന്റെ നടപടിയെ ചോദ്യം ചെയ്ത സന്താനം വണ്ടി നിർത്തുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. വാഗ്വാദത്തിനിടെ സന്താനം രാമുവിന്റെ കൈവിരൽ കടിച്ചു മുറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൈവിരലിന് സാരമായി പരുക്കേറ്റ രാമുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവാൺമിയൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.