ബെലൂഗ വിമാനം എ300-600 എയര്‍ബസ് വിമാനത്തിന്റെ ഒരു വകഭേദമാണ്. വലിയ മെഷീന്‍ ഭാഗങ്ങള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയവ ഒരിടത്തുനിന്ന് മറ്റൊരിടത്ത് എത്തിക്കാനാണ് ഇവ പൊതുവെ ഉപയോഗിക്കുന്നത്. സാധാരണ വിമാനങ്ങളില്‍ കയറ്റാന്‍ സാധിക്കാത്ത തരത്തിലുള്ള സാധനങ്ങളാണ് ഇതില്‍ കൊണ്ടുപോകുക. ചെന്നൈയില്‍ ലാന്‍ഡ് ചെയ്ത ബെലൂഗയ്ക്ക് 56.15 മീറ്റര്‍ നീളവും, 44.84 മീറ്റര്‍ ചിറകു നീളവും ഉണ്ട്. വിമാനത്തിന്റെ ടേക്ക് ഓഫ് ഭാരം 1,55,000 കിലോ ആണ് എന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനപ്രീതിയുള്ള വിമാനമായ ബി747 വിമാനത്തെക്കാള്‍ വലിപ്പക്കുറവാണ് ബെലൂഗയ്ക്ക്. ബി747ന്റെ നീളം 70.6 മീറ്ററും വിങ് സ്പാന്‍ 64.4 മീറ്ററുമാണ്.
എയര്‍ബസ് ആകെ അഞ്ച് ബെലൂഗകളേ ഉണ്ടാക്കിയിട്ടുള്ളു. ചെന്നൈയില്‍ ലാന്‍ഡ് ചെയ്ത ബെലൂഗ ഇത്തരത്തില്‍ രണ്ടാമത്തെ വിമാനമാണ്. ഇക്കഴിഞ്ഞ മേയില്‍ മാസത്തില്‍ ഈ വിമാനം കൊല്‍ക്കത്തയിലും ലാന്‍ഡ് ചെയ്തിരുന്നു. മെട്രോ റെയിലില്‍ യാത്ര ചെയ്തിരുന്നവരും ഈ വിമാനത്തിന്റെ ചിത്രങ്ങളും വിഡിയോയും ഫോട്ടോയും പകര്‍ത്താന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു.