ബംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് ബി.ജെ.പിയുടെ തമിഴ്നാട് ഘടകം പ്രസിഡന്റ് കെ.
അണ്ണാമലൈ. അധികാരമേറ്റതിനു പിന്നാലെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ഒന്നിനും കൊള്ളാത്തതാണെന്ന സിദ്ധരാമയ്യുടെ വിമര്‍ശനത്തിനു പിന്നാലെയായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം.
ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും 2024ല്‍ അധികാരത്തിനായി തമ്മില്‍ തല്ലിയില്ലെങ്കില്‍ അടുത്ത സമാധാന നൊബേല്‍ അവര്‍ക്കു കൊടുക്കണമെന്നും അണ്ണാമലൈ പരിഹസിച്ചു. ”സര്‍ക്കാരിന്റെ ഘടന തന്നെ തെറ്റായ രീതിയിലാണ്. 2.5 വര്‍ഷം ഇരുനേതാക്കളും ഭരണം പങ്കുവെക്കുമെന്നാണ് ധാരണ. സിദ്ധരാമയ്യയും ശിവകുമാറും എ.ഐ.സി.സിയിലെ 10 മന്ത്രിമാരുമടങ്ങിയ മന്ത്രിസഭ…എന്തൊരു ഘടനയാണിത്.”-എന്നായിരുന്നു അണ്ണാമലൈയുടെ പരിഹാസം.
സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ചരിത്ര വിജയം നേടിയതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയയ്യയും ഡി.കെ. ശിവകുമാറും ഒരുപോലെ അവകാശവാദമുന്നയിച്ചത് പാര്‍ട്ടിക്ക് തലവേദനയായിരുന്നു. വലിയ കലഹത്തിലേക്ക് പോകാതെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചയിലാണ് ഡി.കെ.യെ അനുനയിപ്പിച്ച് മുഖ്യമന്ത്രി പദം സിദ്ധരാമയ്യക്ക് നല്‍കിയത്. ഡി.കെക്ക് ഉപമുഖ്യമന്ത്രിപദവും നല്‍കി.
അധികാരമേറ്റതിനു പിന്നാലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ അഞ്ച് വാഗ്ദാനങ്ങള്‍ ഉടന്‍ പാലിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. സംസ്ഥാനം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിക്ക് കേന്ദ്രസര്‍ക്കാരാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 15ാം ധനകാര്യ കമ്മീഷന്‍ പ്രഖ്യാപിച്ച 5495 കോടിയുടെ പ്രത്യേക ഗ്രാന്റ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിട്ടില്ലെന്നും സൂചിപ്പിച്ചു.
സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ എട്ടംഗ മന്ത്രിസഭയാണ് കഴിഞ്ഞ ദിവസം അധികാരമേറ്റത്. എല്ലാ വീടുകളിലും 200 യൂനിറ്റ് വൈദ്യുതി എത്തിക്കും, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ ധനസഹായം, ബി.പി.എല്‍ കുടുംബാംഗങ്ങള്‍ക്ക് 10 കിലോ അരി, തൊഴില്‍ രഹിതരായ ബിരുദധാരികളായ യുവാക്കള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് എല്ലാ മാസവും 3000 രൂപ ധനസഹായം, ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നിവയായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങളിലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലും പ്രകടമായ വ്യത്യാസമുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.