ചെന്നൈ തീരത്തിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി സമുദ്ര ഗവേഷകര്‍. ബ്ലൂ ഡ്രാഗണ്‍ എന്ന കടല്‍ പുഴുക്കളെക്കുറിച്ചാണ് മുന്നറിയിപ്പ്. ഗ്ലോക്കസ് അറ്റ്ലാന്‍റിക്കസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ നീല ഡ്രാഗണുകളുടെ കുത്തേല്‍ക്കുന്നത് കുട്ടികള്‍ക്കും പ്രായമായവരിലും ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കും. സാധാരണയില്‍ പുറംകടലില്‍ കണ്ടുവരുന്ന ഇവയെ ഇപ്പോള്‍ ബസന്ത് നഗര്‍ ബീച്ച് ഭാഗത്തു കണ്ടുതുടങ്ങി.
കൊടുങ്കാറ്റോ, കനത്ത മഴ തുടങ്ങിയ പ്രതിഭാസങ്ങളേ തുടര്‍ന്നാവാം ഇവ കടല്‍ തീരത്തേക്ക് എത്തിയതെന്നാണ് നിരീക്ഷണം. ഗുരുതരമായ വിഷമുള്ള ഇവയുടെ കുത്തേല്‍ക്കുന്നത് മാരകമായ വേദനയ്ക്കും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുമെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. അൻപതോളം ബ്ലൂ ഡ്രാഗണുകളെയാണ് ബസന്ത് നഗര്‍ തകര്‍ന്ന പാലത്തിനു സമീപം കണ്ടെത്തിയത്. മിക്കവയും ജീവനോടെയായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് അഡയാര്‍ ഭാഗത്തും ഇവയെ കണ്ടെത്തി.
കുത്തേറ്റ ഭാഗത്ത് അതികഠിനമായ വേദന, തലകറക്കം, ഛര്‍ദി, അലര്‍ജി, ചുവന്ന് തടിക്കല്‍, തൊലിപ്പുറത്ത് പോളപ്പുകളുണ്ടാകുക, ശരീരം കറുത്ത് തടിക്കുക അടക്കമുള്ളവ ഇവയുടെ കുത്തേല്‍ക്കുമ്ബോള്‍ അനുഭവപ്പെടാറുണ്ട്. തീരത്തിറങ്ങുന്നവര്‍ പരമാവധി ഇവയെ തൊടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഗവേഷകര്‍ പറയുന്നു. തീരത്തെ കടുത്ത ചൂടിനെ അധികകാലം അതിജീവിക്കാൻ ഇവയ്ക്ക് ബുദ്ധിമുട്ടായതിനാല്‍ ഉടൻ തന്നെ ഉള്‍ക്കടലിലേക്ക് മടങ്ങിപോകുമെന്നാണ് വിലയിരുത്തല്‍.