Home Featured ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ പാലം ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു

ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ പാലം ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു

by jameema shabeer

ഗൂഡല്ലൂര്‍: ഊട്ടി-ഗൂഡല്ലൂര്‍ ദേശീയപാതയില്‍ മേലെ ഗൂഡല്ലൂര്‍ സെൻറ് മേരീസ് ചര്‍ച്ചിന് സമീപത്തെ വളവിലെ പാലം ഇടിഞ്ഞ് അപകട ഭീഷണിയിലായതിനാല്‍ ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം സ്തംഭിച്ചു.

ശനിയാഴ്ച വൈകീട്ട് രാഹുല്‍ഗാന്ധിയും സംഘവും കടന്നുപോയി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ പാലം ഒരു ഭാഗം ഇടിഞ്ഞ് ഗതാഗതത്തിന് ഭീഷണിയായത്.

കാലപ്പഴക്കംചെന്ന പഴയപാലം നിലനിര്‍ത്തി സമീപത്തുകൂടെ മറ്റൊരു പാലം നിര്‍മിക്കുന്നതിന് പണികള്‍ നടന്നുവരികയാണ്. ദേശീയപാത വികസന അതോറിറ്റിയുടെ കീഴിലുള്ള കരാറുകാരാണ് പണി ഏറ്റെടുത്ത് നടത്തുന്നത്. അതേസമയം, പണി നടക്കുമ്ബോള്‍ പഴയ പാലത്തിന്‍റെ ഉറപ്പും മറ്റും പരിശോധിക്കുകയോ താങ്ങുകള്‍ സ്ഥാപിക്കാത്തതോ മൂലമാണ് ഇപ്പോള്‍ ഈ അപകട ഭീഷണി ഉണ്ടായതെന്ന് ഡ്രൈവര്‍മാരും മറ്റും ആരോപിക്കുന്നു.

പാതയിലെ ഗതാഗത തടസ്സം മൂലം കര്‍ണാടക, കേരളം എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘദൂര ബസ്സുകള്‍ അടക്കം കുടുങ്ങിയ സ്ഥിതിയിലാണ്. നടുവട്ടത്തില്‍ നിന്ന് സിമൻറ് റിങ്ങുകള്‍ കൊണ്ടുവന്ന് താല്‍ക്കാലികമായി പാത ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാമെങ്കിലും അപകടസാധ്യത കണക്കിലെടുത്ത് ഇന്നലെ വൈകീട്ട് വരെ പൊലീസ് ഒരു വാഹനങ്ങളും കടത്തിവിട്ടില്ല.

You may also like

error: Content is protected !!
Join Our Whatsapp