ചെന്നൈ:അധിക നിരക്ക് ഈടാക്കിയ 49 സ്വകാര്യ ബസുകളിൽ നിന്നു 92,000 രൂപ പിഴ ഈടാക്കി. ക്രിസ്മസ്, സ്കൂൾ അവധികളെ തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ പേരാണു ബസുകളിൽ വിവിധ ഇടങ്ങളിലേക്കു യാത്ര ചെയ്തത്. എന്നാൽ തിരക്ക് മുതലെടുത്ത് സാധാരണ നിരക്കിനെ അപേക്ഷിച്ച് കൂടിയ നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കിയത്.
യാത്രക്കാരുടെ പരാതിയെ തുടർന്നു നിരക്ക് സംബന്ധിച്ചു നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെ ഗതാഗത വകുപ്പ് നിയോഗിച്ചിട്ടുണ്ട്. കോയപേട്, പോരൂർ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നേരിട്ടു പരിശോധനയും നടത്തുന്നുണ്ട്. യാത്രക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കിയാൽ ശക്തമായ നടപടി എടുക്കുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.