ബെംഗളൂരു: രജനീകാന്തിന്റെ “കൊച്ചടിയാൻ’ എന്ന ആനിമേഷൻ സിനിമയുടെ നിർമാതാവായ ഭാര്യ ലതയ്ക്കെതിരെയുള്ള വിതരണാവകാശ കേസിലെ വഞ്ചനക്കുറ്റം കർണാടക ഹൈക്കോടതി ഒഴിവാക്കി.അതേ സമയം, സിനിമയുടെ വിതരണാവകാശം മറ്റൊരു സ്ഥാപനത്തിനു നൽകാൻ ലത വ്യാജ രേഖ ചമച്ചെന്ന് ആരോപിച്ച് ബെംഗളൂരുവിലെ ആഡ് ബ്യൂറോ അഡ്വർടൈസിങ് കമ്പനി 2015ൽ നൽകിയ ഹർജിയിൽ വിചാരണ തുടരാൻ മജിസ്ട്രേട്ട് കോടതിക്കു നിർദേശം നൽകി.
2014ൽ പുറത്തിറങ്ങിയ കൊച്ചടിയാൻ പൂർത്തിയാക്കാൻ 14 കോടി രൂപ നൽകിയ ആഡ് ബ്യൂറോയ്ക്ക് വിതരണാവകാശം വാഗ്ദാനം ചെയ്തിരുന്നെന്നും ഇതു ലംഘിച്ചെന്നുമാണ് ആരോപണം.കേസിൽ കഴിഞ്ഞവർഷം വിചാരണക്കോടതി സമൻസ് പുറപ്പെടുവിച്ചതിന് എതിരെയാണു ലത ഹൈക്കോടതിയെ സമീപിച്ചത്.
കേസിനെതിരെ ലത 2016ലും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അന്നു നടപടി ക്രമങ്ങൾ റദ്ദാക്കിയതിന് എതിരെ കമ്പനി സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതിനെ തുടർന്നാണ് വിചാരണ പുനരാരംഭിക്കുന്നത്.